മറയൂർ
തമിഴ്നാട്ടിലെ നാലിടൻപുത്തൂരിൽ ആട്ടിൻകുട്ടിയെ പാലൂട്ടി വളർത്തുന്ന കട്ടിയമ്മ എന്ന നായയാണ് സമൂഹമാധ്യമങ്ങളിലെ താരം. കെട്ടിടനിർമാണ കരാറുകാരനായ പെരുമാൾ സാമിയുടെ വീട്ടിലെ കട്ടിയമ്മ എന്ന വളർത്തുനായയെയും ആട്ടിൻകുട്ടിയെയും തേടി സന്ദർശക പ്രവാഹമാണിപ്പോൾ. നായ ഒരുമാസം മുമ്പാണ് ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അത്യാവശ്യം വളർച്ച എത്തിയപ്പോൾ കുഞ്ഞുങ്ങളെ ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ടുപോയി.
ഇതിനിടെ പെരുമാൾ സാമി തെങ്കാശി മേലാപ്പാവൂരിലുള്ള മകൾ ഇലക്യയുടെ വീട്ടിൽനിന്ന് പാലുകുടി മാറാത്ത ആട്ടിൻകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. ആദ്യ ദിവസങ്ങളിൽ വിശന്നുകരഞ്ഞപ്പോൾ ആട്ടിൻകുട്ടിക്ക് പെരുമാളിന്റെ ഭാര്യ കല കുപ്പിയിലാണ് പാൽ നൽകിയത്. ആട്ടികുട്ടിക്ക് കുപ്പിപ്പാൽ കുടിക്കാൻ മടിയായിരുന്നു. പിന്നീട്, രാത്രിയിൽ ആട്ടിൻകുട്ടി കരയുമ്പോൾ വളർത്തുനായ അടുത്തേക്ക് ഓടിപ്പോകുന്നതും ആട്ടിൻകുട്ടിയെ പാലൂട്ടുന്ന ദൃശ്യമാണ് കണ്ടത്. നായയുടെ പാൽ കുടിക്കുന്നത് ആട്ടിൻകുട്ടിക്ക് കുഴപ്പമുണ്ടോയെന്നറിയാൻ വെറ്ററിനറി ഡോക്ടറെ പെരുമാൾ സാമി കണ്ടു. കുഴപ്പമില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ സന്തോഷത്തിലാണിവർ. സംഭവമറിഞ്ഞ അയൽവാസികൾ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെ ആട്ടിൻകുട്ടിയും നായയും വൈറലായി.