കൊച്ചി
എറണാകുളം പോണേക്കരയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി 17 വർഷത്തിനുശേഷം അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി റിപ്പർ ജയാനന്ദനാണ് (53) ആൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലുള്ള പ്രതി സഹതടവുകാരനോട് വെളിപ്പെടുത്തിയ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2004 മെയ് 31ന് പോണേക്കരയിലെ ചേന്ദൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപമുള്ള വീട്ടിലാണ് 74 വയസ്സുള്ള സ്ത്രീയെയും അവരുടെ ജ്യേഷ്ഠത്തിയുടെ മകനായ അറുപതുകാരനെയും തലയ്ക്കടിച്ച് കൊന്നത്. കൊലയ്ക്കുശേഷം വയോധികയെ പീഡിപ്പിച്ചതായും വൈദ്യപരിശോധനയിൽ കണ്ടെത്തി. വീട്ടിൽനിന്ന് 44 പവന്റെ ആഭരണങ്ങളും 15 ഗ്രാം വെള്ളിനാണയങ്ങളും മോഷ്ടിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആദ്യം കളമശേരി പൊലീസാണ് അന്വേഷിച്ചത്. എന്നാൽ, അന്വേഷണപുരോഗതി ഇല്ലാത്തതിനാൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ഉയർത്തി. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സമാനസംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് പറവൂർ, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തിയ റിപ്പർ ജയാനന്ദനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, വിവരമൊന്നും ലഭിച്ചില്ല.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ മൂന്നുപേർമാത്രമുള്ള അതിസുരക്ഷാ സെല്ലിൽ കഴിഞ്ഞുവരികയായിരുന്നു ജയാനന്ദൻ. തൃശൂരിലെ കോടതിയിൽ വിചാരണ നടന്നിരുന്ന കേസ് വിട്ടുപോയതിലുള്ള സന്തോഷത്തിൽ സഹതടവുകാരനോട് സംസാരിക്കവേ പോണേക്കര ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പറയുകയായിരുന്നു. ഈ വിവരം ലഭിച്ച ക്രൈംബ്രാഞ്ച് തെളിവുശേഖരണം തുടങ്ങി. ഇയാൾക്കെതിരെ ശാസ്ത്രീയതെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു.
പുലർച്ചെ 1.30-ന് മോഷണശ്രമത്തിനിടെ പ്രതിയെ കാണാനിടയായെന്ന് രണ്ട് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ ജയാനന്ദനെ ഇവർ തിരിച്ചറിയുകയും ചെയ്തു. പതിനഞ്ചിനാണ് ജയാനന്ദനെ ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഡിഎൻഎ പ്രൊഫയിലിങ്ങിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ആക്രമിക്കുന്നത് വയോധികരെ; കൊന്നശേഷം പീഡനവും
റിപ്പർ ജയാനന്ദന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായവരിലേറെയും വയോധികർ. തലയ്ക്കായിരുന്നു ആക്രമണം. ഇരകൾ ധരിച്ച സ്വർണാഭരണങ്ങൾ തട്ടിയെടുക്കുമായിരുന്നു. ഒരു കേസിൽ കൈപ്പത്തി വെട്ടിമാറ്റി വളകൾ ഊരിയെടുത്തിട്ടുണ്ട്. സ്ത്രീകളെ തലയ്ക്കടിച്ച് കൊന്നശേഷം ലൈംഗികാതിക്രമവും നടത്താറുണ്ട്. തൃശൂർ മാള സ്വദേശിയാണ്.
കുറ്റകൃത്യങ്ങൾക്ക് ആയുധം കൊണ്ടുനടക്കുന്ന പതിവ് ഇയാൾക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യം നടത്തുന്ന വീടിന്റെ പരിസരത്തുനിന്ന് ലഭിക്കുന്ന കമ്പിവടി, കമ്പിപ്പാര, ചട്ടുകം തുടങ്ങിയവയാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. വാതിലുകളോ ജനലുകളോ തകർക്കാതെയും തെളിവുകൾ അവശേഷിപ്പിക്കാതെയുമാണ് ഇയാൾ ഭവനഭേദനം നടത്തുന്നത്. 2003–-06 കാലയളവിൽ ആറ് കേസിലായി എട്ടുപേരെ ഇയാൾ കൊന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പുത്തൻവേലിക്കരയിൽ ഒരു സ്ത്രീയെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രീംകോടതി ഇത് ജീവപര്യന്തമാക്കി. വടക്കേക്കരയിൽ സ്ത്രീയെ കൊന്ന കേസിലും ജീവപര്യന്തം ശിക്ഷ ലഭിച്ചു. മോഷണം, പിടിച്ചുപറി എന്നിവയ്ക്ക് പതിനഞ്ചോളം കേസ് ഇയാളുടെ പേരിലുണ്ട്. എട്ട് കേസിൽ ശിക്ഷിച്ചു. 2007ൽ വിയ്യൂർ ജയിലിൽനിന്നും 2010ൽ കണ്ണൂർ ജയിലിൽനിന്നും 2013ൽ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും ചാടിയതിന് ശിക്ഷിച്ചിട്ടുണ്ട്. എല്ലാ കേസിലെയും ശിക്ഷ ഒന്നിച്ച് ജീവപര്യന്തമായി അനുഭവിച്ചുവരികയാണ്.