ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തർക്ക് ജയം. മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 6–-3ന് വീഴ്ത്തിയപ്പോൾ, ചെൽസി ആസ്റ്റൺ വില്ലയെ 3–-1നും അഴ്സണൽ നോർവിച്ച് സിറ്റിയെ അഞ്ച് ഗോളിനും തകർത്തു.
പത്തൊമ്പത് കളിയിൽ 47 പോയിന്റുമായി സിറ്റിയാണ് ഒന്നാമത്. ചെൽസി (41) മൂന്നാമതും അഴ്സണൽ (35) നാലാമതുമാണ്. ഒരു കളി കുറച്ചുള്ള ലിവർപൂളാണ് (41) രണ്ടാമത്. റഹീം സ്റ്റെർലിങ് ഇരട്ടഗോൾ നേടിയപ്പോൾ കെവിൻ ഡി ബ്രയ്ൻ, റിയാദ് മഹ്റെസ്, ഇകായ് ഗുൺഡോവൻ, ഐമെറിക് ലപൊർടെ എന്നിവർ ലെസ്റ്ററിനെതിരെ സിറ്റിക്കായി ലക്ഷ്യംകണ്ടു.
റീസെ ജയിംസിന്റെ പിഴവിൽ ചെൽസിക്കെതിരെ വില്ലയായിരുന്നു മുന്നിലെത്തിയത്. എന്നാൽ, നീലപ്പട വിട്ടുകൊടുത്തില്ല. ഡബിൾ നേടി ജോർജീന്യോ ജയത്തിന് അടിത്തറയിട്ടു. മറ്റൊന്ന് റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു. അഴ്സണലിന്റെ യുവനിര ലീഗിൽ കുതിപ്പ് തുടരുകയാണ്. നോർവിച്ചിനെ തരിപ്പണമാക്കി അവർ. ബുകായോ സാകോ രണ്ടടിച്ചു. കീറൺ ടിയെർണി, അലക്സാൻഡ്രെ ലക്കസെട്ട, എമിലി സ്മിത്ത് റൊവെ എന്നിവരും ഗോളടിച്ചു. തുടർച്ചയായ നാലാംജയമാണ് അഴ്സണലിന്റേത്.
മറ്റൊരു കളിയിൽ ടോട്ടനം ഹോട്സ്പർ ക്രിസ്റ്റൽ പാലസിനെ മറികടന്നു (3–-0). ഇതിനിടെ ലീഗിൽ കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്നുണ്ട്. ചില മത്സരങ്ങൾ നീട്ടി.