കേപ്ടൗൺ
അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പോരാളിയും സമാധാന നൊബേൽ ജേതാവുമായ ആർച്ച് ബിഷപ് ഡസ്മണ്ട് ടുട്ടുവിന്റെ (90) സംസ്കാരം ജനുവരി ഒന്നിന് കേപ്ടൗണിൽ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ അറിയിച്ചു. അതുവരെ ഒരാഴ്ച നീളുന്ന ദുഃഖാചരണം തുടരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിമോചിത ദക്ഷിണാഫ്രിക്കയ്ക്കായി സമാധാനമാർഗത്തിൽ പോരാടിയ ടുട്ടുവിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പയും ദലൈ ലാമയും അനുശോചിച്ചു. സമാധാനത്തിനും നീതിക്കുമായി നിലകൊണ്ട ആഗോള വ്യക്തിത്വമായിരുന്നു ഡസ്മണ്ട് ടുട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അനുസ്മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങി നിരവധി ലോകനേതാക്കൾ അനുശോചിച്ചു.