തിരൂർ/ അടൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. മലപ്പുറം ജില്ലാ സമ്മേളനം പി പി അബ്ദുള്ളക്കുട്ടി നഗറിൽ (-വാഗൺ ട്രാജഡി ടൗൺ ഹാൾ) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മുതിർന്ന പ്രതിനിധി ടി കെ ഹംസ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ താൽക്കാലിക അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത് രക്തസാക്ഷി പ്രമേയവും വി പി സക്കറിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി പി വാസുദേവൻ, വേലായുധൻ വള്ളിക്കുന്ന്, ജോർജ് കെ ആന്റണി, വി പി സാനു, വി ടി സോഫിയ എന്നിവരാണ് പ്രസീഡിയം. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്ണൻ, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവർ പങ്കെടുക്കുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച തുടങ്ങി. വൈകിട്ട് ‘മതവും ദേശീയതയും’ സെമിനാർ എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
170 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്.
പത്തനംതിട്ട ജില്ലാസമ്മേളനം പി കെ കുമാരൻ നഗറിൽ(അടൂർ മാർത്തോമ്മാ യൂത്ത് സെന്റർ) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം താൽകാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാറും അനുശോചന പ്രമേയം ജില്ലാ സെക്രട്ടറിയറ്റംഗം ഓമല്ലൂർ ശങ്കരനും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി ബി ഹർഷകുമാർ സ്വാഗതം പറഞ്ഞു. രാജു ഏബ്രഹാം, എ പത്മകുമാർ, ടി ഡി ബൈജു, സി രാധാകൃഷ്ണൻ, ആർ ശ്യാമ എന്നിവരാണ് പ്രസീഡിയം-.
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രുപ്പ്ചർച്ച പൂർത്തിയായി. പൊതുചർച്ച തുടങ്ങി. ചൊവ്വ വെെകിട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കും. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. തോമസ് ഐസക്ക്, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കുന്നു. എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യൂ ടി തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളടക്കം 185 പ്രതിനിധികൾ പങ്കെടുക്കുന്നു.