കൊല്ലം> പുതുവത്സരാഘോഷം ലക്ഷ്യമിട്ടെത്തിച്ച മാരകലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. കോഴിക്കോട് കരുവൻതിരുത്തി കടന്നിൽ വീട്ടിൽ മുഹമ്മദ് മർജഹാൻ (28)ആണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. 38 ഗ്രാം എംഡിഎംഎ, 23.64 ഗ്രാം ചരസ്, 20.60 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി ഓച്ചിറയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്തർസംസ്ഥാന ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് മർജഹാൻ. പ്രയാർ ഉള്ള സെക്കൻഡ് ഹാൻഡ് കാർ വ്യാപാരിക്കായാണ് ലഹരിവസ്തുക്കൾ ഓച്ചിറയിൽ എത്തിച്ചതെന്നും എക്സൈസ് അറിയിച്ചു. പ്രതി പരപ്പനങ്ങാടിയിൽ ചരസുമായി മുമ്പ് പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഹാഷിഷ് ഓയിലും ചരസും ആന്ധ്രപ്രദേശിൽ നിന്നും എംഡിഎംഎ ബംഗളൂരുവിൽ നിന്നുമാണ് എത്തിക്കുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വില്പ്പന നടത്തിയിരുന്നു. ഓൺലൈൻ പേയ്മെന്റ് വഴിയാണ് പണമിടപാടുകൾ. എക്സൈസ് ഇൻസ്പെക്ടർ എസ് ഷാജി, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, വിഷ്ണു, ജൂലിയൻ ക്രൂസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.