കൊച്ചി> നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ഫോൺ വിളികളുടെ യഥാർഥ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അടുത്തദിവസം ഹർജികൾ പരിഗണിച്ചേക്കും.
പ്രതികളുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെലികോം കമ്പനികൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന് യഥാർഥ രേഖകൾ വിളിച്ചുവരുത്താൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി.
വിചാരണക്കോടതി ഡിസംബർ 21ന് അപേക്ഷ തള്ളി. പ്രോസിക്യൂഷന്റെ നിർണായക വാദത്തെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹർജിയിൽ പറയുന്നു.