കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാൻ എന്ന ഒമ്പതാം ക്ലാസുകാരിക്കും അനിയൻ ഷെഹ്നാസിനും താങ്ങായി വിക്റ്റിം റൈറ്റ്സ് സെന്റർ. ഷെഹ്നാസിന്റെ ചികിത്സയ്ക്കും ഷെഹ്രീന്റെ പഠനത്തിനും സഹായം നൽകും. കേരള ഹൈക്കോടതിയുടെ ഒരു പദ്ധതിയാണ് വിക്റ്റിം റൈറ്റ്സ് സെന്റർ. കേരള ഹൈ കോർട്ട് ലീഗൽ സർവീസസ് കമ്മിറ്റിയും കേരള ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്നുള്ളപദ്ധതിയാണിത്.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ, വംശീയ സമൂഹങ്ങൾ, എസ്സി, എസ്ടി എന്നിവരും ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർക്കും അവരോടൊപ്പം താമസിക്കുന്ന കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് വിക്റ്റിം റൈറ്റ്സ് സെന്റർ. സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കും നിയമപരമായ പ്രശ്നങ്ങൾ കുട്ടികൾക്ക് തണലാകാനും നേർവഴിക്ക് നയിക്കാനും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
ജസ്റ്റിസ്മുഹമ്മദ് മുഷ്താക്കാണ് പദ്ധതിയുടെ ചെയർമാൻ. അദ്ദേഹമാണ് ഈ പദ്ധതിക്കായി മുൻകൈ എടുത്തിരിക്കുന്നത്. ജനുവരി അവസാനമാണ് ഈ പദ്ധതി ഔദ്യോഗികമായി നിലവിൽ വരുന്നത്. ഷെഹ്റീനെയും ഷെഹ്സാനെയും പറ്റിയുള്ള മാതൃഭൂമിയിലെ വാർത്ത കണ്ടതിനെത്തുടർന്ന് ഇവരെ പദ്ധതിയുടെ ഭാഗമായി ബന്ധപ്പെടുന്നത്. കെൽസ വഴി ഈ കുട്ടികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയും അതിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണ് ഇവരുമായി ബന്ധപ്പെട്ടത്. തുടർന്ന് ഷെഹ്രീൻജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിനെ കാണാനെത്തിയിരുന്നു. ഷെഹ്നാസിന്റെ അത്യാവശ്യമായുള്ള ചികിത്സയ്ക്കായി ഇന്ന് തന്നെ ജഡ്ജിമാരുടെ ഫണ്ടിൽ നിന്നുള്ള പണം കൈമാറിയിരുന്നു.
ഷെഹ്രീന് പഠിത്തവുമായി മുന്നോട്ട് പോകാൻ ലാപ്ടോപ്പും മറ്റ് പഠനച്ചിലവുകൾക്കുമുള്ള പണം ഈ ഫണ്ടിൽ നിന്ന് നൽകും. ഷെഹ്രീന് സിവിൽ സർവീസസ് പരീക്ഷ എഴുതാൻ താൽപര്യമുള്ളതിനാൽ അതിനാവശ്യമായിട്ടുള്ള ഓൺലൈൻ മാധ്യമങ്ങളുടെ സബ്സ്ക്രിപ്ഷൻ എടുത്ത് നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
കുട്ടികളുടെ അമ്മയ്ക്ക് നിയമപരമായ സഹായങ്ങൾ ആവശ്യമുള്ളതിനാൽ സൗജന്യമായി നിയമ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അവധിയായതിനാൽ പ്രവർത്തനമാരംഭിച്ച ശേഷമാകും തുടർ നടപടികളെടുക്കുക.
Content Highlights:victim rights centre extends helping hands to shehreen and shehnaz mathrubhumi impact