തിരുവനന്തപുരം> വാളയാറില് പ്രായപൂര്ത്തിയാകാത്ത സഹോദരിമാരുടെ മരണ കാരണം ആത്മഹത്യ തന്നെയെന്ന് സിബിഐയുടെ കണ്ടെത്തല്. കൊലപാതകമാണെന്ന ആരോപണം സിബിഐ തള്ളി. നിരന്തരവും അതി ക്രൂരവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സിബിഐ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ് പി അനന്തകൃഷ്ണന് പാലക്കാട് പോക്സോ കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. കേരളത്തില് ഏറെ വിവാദമായ കേസില് നേരത്തെ കേരള പൊലീസ് നടത്തിയ അന്വേഷണം പൂര്ണമായും ശരിവെക്കുന്നതാണ് സിബിഐ കണ്ടെത്തല്.
പാമ്പാംപള്ളം കല്ലങ്കാട് വി മധു, പാമ്പാംപള്ളം കല്ലങ്കാട് എം മധു, ഇടുക്കി രാജാക്കാട് നാലു തൈക്കല് വീട്ടില് ഷിബു, പ്രായപൂര്ത്തിയാകാത്ത മറ്റൊരാള് എന്നിവരാണ് സിബിഐ കുറ്റപത്രത്തില് പ്രതികള്. മൂത്ത കുട്ടിയുടെ മരണത്തില് വി മധു, എം മധു, ഷിബു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തില് വി മധു, പ്രായപൂര്ത്തിയാകാത്തയാള് എന്നിവരുമാണ് പ്രതികള്. വീട്ടില് അതിക്രമിച്ച് കയറി ബലാല്സംഗം, പോക്സോ ആക്ട്, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചാര്ത്തിയത്. ഷിബുവിനെതിരെ എസ് സി എസ് ടി വകുപ്പും ചുമത്തി. പ്രായപൂര്ത്തിയാകാത്തയാള്ക്കെതിരെ പൊലീസ് കുറ്റപത്രം നിലവിലുണ്ട്. ഈ കുറ്റപത്രം തുടരണമെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. നേരത്തെ പൊലീസ് പ്രതിചേര്ത്തവരാണ് സിബിഐയുടെ പ്രതികളും.
2017 ജനുവരി 13 നാണ് വാളയാര് അട്ടപ്പള്ളത്ത് 13 കാരിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കാണപ്പെട്ടത്. മാര്ച്ച് നാലിന് ഒമ്പത് കാരിയായ അനിയത്തിയും ഇതേവീട്ടില് തൂങ്ങി മരിച്ചു. സംഭവത്തില് ഒട്ടേറെ സംശയങ്ങളുയര്ന്നു. അതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില് മരണം ആതമഹത്യയാണെന്നും ക്രൂരമായ പീഡനമാണ് മരണ കാരണമെന്നും കണ്ടെത്തി. അഞ്ച് പേരെ അറസ്റ്റു ചെയ്തു. പ്രായപൂര്ത്തിയാകാത്തയാള്ക്കെതിരെ ജുവനൈല് കോടതിയിലും നാല് പേര്ക്കെതിരെ പാലക്കാട് പോക്സോ കോടതിയിലും പൊലീസ് കുറ്റപത്രം നല്കി. എന്നാല് പ്രതികളെ കോടതി വെറുതെ വിട്ടു. ഒരു പ്രതി ആത്മഹത്യയും ചെയ്തു. പ്രതികളെ വെറുതെ വിടാന് കാരണം പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയര്ന്നു. ഇക്കാര്യത്തില് സര്ക്കാര് പുനരന്വേഷണവും പുനര്വിചാരണയും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതിനിടെയാണ് 2021 എപ്രില് ഒന്നിന് കേസ് സിബിഐക്ക് വിട്ടത്.
സിബിഐ വിശദമായ അന്വേഷണമാണ് നടത്തിയത്. ഒമ്പതുകാരിക്ക് വീടിന്റെ ഉത്തരത്തില് തൂങ്ങാനാവില്ലെന്ന സംശയത്തെ തുടര്ന്ന് ഡമ്മി പരീക്ഷണവും നടത്തി. പോസ്റ്റ്മോര്ട്ടം നടത്തിയ ഡോക്ടര് ഉള്പ്പെടെ നൂറുപേരെ ചോദ്യം ചെയ്തു. രേഖകള് അടക്കം 125 ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. തുടര്ന്നാണ് ഇരുവരുടെയും മരണ കാരണം ആത്മഹത്യതന്നെയെന്ന് സിബിഐയും കണ്ടെത്തിയത്.