കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവത്തിൽ പോലീസ് നടപടി മുൻവിധിയോടെയാണെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. പിടികൂടിയവരിൽ 151 പേർ നിരപരാധികളാണെന്നും മൂന്ന് ക്വാർട്ടേഴ്സുകളിൽനിന്നുള്ള ഹിന്ദിക്കാരെ മാത്രമാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
12 ലൈൻ ക്വാർട്ടേഴ്സുകളിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാർട്ടേഴ്സുകളിൽ മൂന്നെണ്ണത്തിൽനിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽനിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാർട്ടേഴ്സിലുള്ളവർ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂർ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പോലീസിന് മനസിലായത്?
പോലീസ് മുൻവിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാൽ പോലും പോലീസിനെ അറിയിക്കും.
ഞാൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ ക്യാമറയിൽ തെളിവുകളുണ്ട്. പിടിയിലായവർ പ്രതികളാണെന്ന് എങ്ങനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. സൂപ്പർവൈസർമാർക്ക് പോലും ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്. കഴിഞ്ഞ 36 മണിക്കൂർ സമയമെടുത്താണ് ഇവരെയെല്ലാം ഞങ്ങൾ മനസിലാക്കിയത്. പിന്നെ എങ്ങനെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്യാമറ ദൃശ്യങ്ങൾ തെളിവുണ്ടോ?
ഇത് കൊടുംക്രൂരതയാണ്. ഒരുകുറ്റവാളിയും രക്ഷപ്പെടാൻ പാടില്ലെന്നാണ് ഞങ്ങളുടെ നയം. അതേസമയം, അച്ഛനെയും അമ്മയെയും കുടുംബത്തെയും വിട്ട് ഒരു നേരത്തെ ഭക്ഷണത്തിനായി ഇവിടെ എത്തിയ പട്ടിണിപ്പാവങ്ങളെ എന്നോടുള്ള വിരോധത്തിന്റെ പേരിൽ ഉപദ്രവിക്കരുത്. കിറ്റക്സ് അടച്ചുപൂട്ടാൻ വേണ്ടി, ട്വന്റി 20 എന്ന പ്രസ്ഥാനം ഇല്ലാതാക്കാൻ വേണ്ടിയാണ് നിരപരാധികളെ ജയിലിലടച്ചിരിക്കുന്നത്. മനസാക്ഷിയുണ്ടെങ്കിൽ മുഖ്യമന്ത്രി അവരെ തുറന്നുവിടണം.
ക്യാമറ പരിശോധിച്ച് വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഞാൻ ഇതെല്ലാം പറയുന്നത്. നിങ്ങൾക്ക് എന്നെയാണ് വേണ്ടതെങ്കിൽ എന്നെ തുറങ്കലിലടയ്ക്കൂ, നിരപരാധികളായ പട്ടിണിപ്പാവങ്ങളെ എന്തിനാണ് ജയിലലടയ്ക്കുന്നത്.എന്നോടുള്ള വിരോധം തീർക്കേണ്ടത് പട്ടിണിപ്പാവങ്ങളോടല്ല. കമ്പനി അടയ്ക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അതിനും ഞാൻ തയ്യാറാണ്. 151 പേരുടെ ശാപം കേരളമണ്ണിനുണ്ടാവരുത്. സത്യം തിരിച്ചറിയണം- സാബു എം. ജേക്കബ് പറഞ്ഞു.
Content Highlights:kizhakkambalam migrant labours violence kitex md sabu m jacob given explanation