പത്ത് വർഷം കാലാവധിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സിപിഎം ജീവിച്ചിരിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. സ്വന്തം പോലീസിനെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത പിണറായിയാണ് സമരക്കാരെ കയ്യേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരി വിമാനത്താവളത്തിന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
അതേസമയം കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി പ്രതികരിച്ച തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി എംപിമാര്‍ പാര്‍ട്ടിയ്ക്ക് വഴിപ്പെടണമെന്നും ശശി തരൂരിനോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിധേയപ്പെടാത്തവര്‍ പാര്‍ട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ നടപ്പിലാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നവോഥാന നായകനാകാന്‍ ശ്രമിച്ച് ഓടിയൊളിച്ചതു പോലെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും ഒരു ദുരന്തമായി പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണവെയാണ് കോൺഗ്രസ് നേതാവിന്‍റെ വിമർശനങ്ങൾ.
യുഡിഎഫ് കാലത്ത് വിഴിഞ്ഞം കൊണ്ടുവന്നപ്പോള്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തില്‍ വന്നപ്പോള്‍ അദാനിയുമായി സമരസപ്പെടുകയും ചെയ്ത വ്യക്തിയാണ് പിണറായി. അങ്ങനെയുള്ളയാള്‍ വികസന വിരുദ്ധതയുടെ തൊപ്പി ഞങ്ങളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തില്‍ ഏറ്റവുമധികം യോജിക്കുന്നത് പിണറായിക്കും സിപിഎമ്മിനുമാണെന്നും വിഡി സതീശൻ പറഞ്ഞു.