കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവത്തിൽ പോലീസ് പിടികൂടിയവരിൽ ഭൂരിഭാഗംപേരും നിരപരാധികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടികൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരിൽ 151 പേർ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു. 40 പേരിൽ താഴെ മാത്രമേ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂവെന്നാണ്അദ്ദേഹത്തിന്റെ വാദം.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് 164 പേരെ കസ്റ്റഡിയിലെടുത്തത്. ഈ പ്രശ്നം വളറെ സെൻസിറ്റീവായ വിഷയമാണ്. 45 ലക്ഷം മലയാളികൾ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്. പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്. അവരുടെ സംസ്ഥാനങ്ങൾ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ. അവർ ചോദ്യങ്ങൾ ചോദിച്ചാൽ കേരളം ഉത്തരംപറയണം. എന്ത് തെളിവുണ്ടെന്ന് ചോദിച്ചാൽ പോലീസിന് കൈമലർത്തേണ്ടിവരും. സാബുവിനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ ഈ വിഷയം ഉപയോഗിക്കുന്നത് തെറ്റാണ്. തെറ്റ് തിരുത്തിയില്ലെങ്കിൽ ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക്പോകും – സാബു എം.ജേക്കബ് പറഞ്ഞു.
ആയിരംകുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയുംശിക്ഷിക്കപ്പെടാൻ പാടില്ല. എത്രയോ ലക്ഷം മലയാളികൾ പുറത്തുജോലിചെയ്യുന്നു. അവർക്കാണ് ഈ അവസ്ഥ വന്നെങ്കിലോ? കസ്റ്റഡിയിലുള്ള പലരുടെയും ബന്ധുക്കൾ നാട്ടിൽനിന്ന് കണ്ണീരോടെ വിളിക്കുകയാണ്. അവർക്ക് വാദിക്കാൻആരുമില്ലെന്നും സാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Content Highlights:kitex md sabu m jacob press meet about kizhakkambalam violence case