പാലക്കാട്: പാലക്കാട് നഗരസഭയിൽ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. നേരത്തെ രൂപീകരിച്ച മാസ്റ്റർ പ്ലാൻ സബ് കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി ആയിരുന്നു തർക്കം. പ്രതിപക്ഷ അംഗങ്ങൾ ടൗൺ പ്ലാൻ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
അടുത്ത 20 വർഷത്തേക്കുള്ള അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ ആയിരുന്നു ഇന്ന് കൗൺസിലിൽ അവതരിപ്പിച്ചത്. എന്നാൽ മുമ്പ് ഉണ്ടായിരുന്ന കൗൺസിലിലും മാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നു. അത് എവിടെ ആണെന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്. എന്നാൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകാതെ ഭരണപക്ഷം വിദഗ്ധസമിതി അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു. ഡോ. ഇ. ശ്രീധരന്റെയും ഡോ. മാലിനി കൃഷ്ണൻ കുട്ടിയുടേയും പേരായിരുന്നു നിർദേശിച്ചത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകാതെ വിദഗ്ധസമിതിയെ നിർദേശിക്കലല്ല പരിഹാരം എന്നുപറഞ്ഞായിരുന്നു ബഹളം. സംഘർഷത്തെ തുടർന്ന് രണ്ട് തവണ കൗൺസിൽ യോഗം നിർത്തിവെച്ചു.
നിലവിൽ സംഘർഷം ഒഴിഞ്ഞിരിക്കുകയാണ്. നഗരസഭാ അധ്യക്ഷ വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ നേതൃ യോഗത്തിൽ ധാരണയായതിനെത്തുടർന്ന് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും കൗൺസിൽ യോഗം അവസാനിപ്പിക്കുകയും ചെയ്തു.
Content highlights: Opposition clash in palakkad nagarasabha