കൊച്ചി > എറണാകുളം പോണേക്കരയിൽ വൃദ്ധദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർ ജയാനന്ദനെന്ന് പൊലീസ് കണ്ടെത്തി. എഡിജിപി എസ് ശ്രീജിത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്. 17 വർഷത്തിനുശേഷമാണ് പ്രതിയെ തിരിച്ചറിയുന്നത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്. 2004 മെയ് 30 നാണ് പോണേക്കരയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സംപൂർണ വീട്ടിൽവച്ച് 74 വയസുള്ള സ്ത്രീയെയും, സഹോദരൻ രാജൻ സ്വാമി (60) യേയും തലക്കടിച്ച് കൊലപ്പെടുത്തിയത്.
മറ്റ് കൊലപാതക കേസുകളിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ് ജയാനന്ദൻ. സഹതടവുകാരോട് കുറ്റകൃത്യം പങ്കുവച്ചതോടെയാണ് പ്രതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു. അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്റ്ര് രേഖപ്പെടുത്തിയതായും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഏഴോളം കൊലക്കേസിലും പതിനാലോളം മോഷണ കേസിലും പ്രതിയായ റിപ്പർ ജയാനന്ദൻ തടവിലിരിക്കെ ജയിൽ ചാടിയശേഷം പിടിയിലായിട്ടുണ്ട്. മാള ഇരട്ടകൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി.