തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ജനപിന്തുണ ലഭ്യമാക്കാൻ പ്രചാരണ പരിപാടികളുമായി സിപിഎം. പദ്ധതിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടി നിരത്തുന്ന ലഘുലേഖകളുമായിട്ടാണ് സിപിഎം പ്രചാരണത്തിനിറങ്ങുന്നത്. സംസ്ഥാന സമിതിയുടെ നേരത്തെയുള്ള തീരുമാനപ്രകാരമാണ് സിപിഎം കെ റെയിൽ പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനൊരുങ്ങുന്നത്. എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യും.
കെ റെയിൽ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല , തണ്ണീർത്തടങ്ങളും നെൽവയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങൾ മാത്രമാണ് ഒഴിപ്പിക്കേണ്ട വരിക. ഇവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുമെന്നും സിപിഎം പ്രചാരണത്തിൽ പറയുന്നു.
പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ട് ശ്രമിക്കുന്നുവെന്നും ലഘുലേഖയിൽ ആരോപിക്കുന്നു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ രാഷ്ട്രീയമായി നേരിടാൻ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിനുള്ള എല്ലാ സഹായങ്ങളും തടയിടാൻ ശ്രമിച്ച ബിജെപിയും യുഡിഎഫും ഇപ്പോൾ വികസന പ്രവർത്തനങ്ങളേയും തടയിടുകയാണ്. 2016ൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി കെ റെയിൽ പദ്ധതിക്ക് ധാരണപത്രം ഒപ്പുവെച്ചതാണ്. എന്നാൽ കേന്ദ്ര സഹായം നൽകാൻ തയ്യാറാകുന്നില്ല. ബാധ്യത മുഴുവൻ സംസ്ഥാന സർക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പദ്ധതിക്കാവശ്യമായ തുക വായ്പയിലൂടെ കണ്ടെത്താനാണ് കേരളം ശ്രമിക്കുന്നത്.
63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. എന്നാൽ ഒരു ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുമെന്ന് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. മൂലധന ചെലവുകൾക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ട് പോകാനാകില്ലെന്നും ലഘുലേഖയിൽ അടിവരയിടുന്നു.