തിരുവനന്തപുരം
ആന്ധ്രപ്രദേശിൽനിന്ന് കൃഷി വകുപ്പ് ഹോർട്ടികോർപ് മുഖേന ശേഖരിച്ച 10 ടൺ തക്കാളി ഉടൻ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച ലോഡ് തിരുവനന്തപുരം ആനയറയിൽ വേൾഡ് മാർക്കറ്റിൽ എത്തും. കൃഷി ഡയറക്ടർ ഏറ്റുവാങ്ങും. ആന്ധ്രയിലെ മുളകാലച്ചെരുവിൽ കർഷകരിൽ നിന്നാണ് തക്കാളി സംഭരിച്ചത്. പച്ചക്കറി വില കുതിച്ചുയർന്നതോടെ ഒരു മാസമായി കൃഷിവകുപ്പ് ശക്തമായ വിപണി ഇടപെടലാണ് നടത്തുന്നത്. 17 മുതൽ സംസ്ഥാനത്ത് ‘തക്കാളി വണ്ടികൾ’ പ്രവർത്തനമാരംഭിച്ചിരുന്നു. ഒരു ജില്ലയിൽ രണ്ടെന്ന നിലയിൽ 28 വണ്ടിയിലൂടെ തക്കാളി കിലോ 50 രൂപയ്ക്ക് നൽകി. മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭ്യമാക്കി.
പ്രാദേശികമായി സംഭരണം ശക്തമാക്കാനും തമിഴ്നാട്ടിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കാനും കൃഷിവകുപ്പ് നടപടിയെടുത്തു. തെങ്കാശിയിലെ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന് ധാരണയായി. ഇതുപ്രകാരം അടുത്ത ആഴ്ചമുതൽ പച്ചക്കറികൾ എത്തും. ജനുവരി ഒന്നുവരെയുള്ള കൃഷി വകുപ്പ് ക്രിസ്മസ് –- പുതുവത്സര വിപണികൂടി പരിഗണിച്ചാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നത്.