തിരുവനന്തപുരം
പുതുവർഷത്തിൽ യാത്രക്കാർക്ക് സമ്മാനവുമായി കെഎസ്ആർടിസി. ഓൺലൈൻ റിസർവേഷന് ഈടാക്കുന്ന നിരക്ക് 30 രൂപയിൽനിന്ന് 10 ആയി കുറച്ചു. ജനുവരി ഒന്നുമുതൽ നിലവിൽവരും. 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കുമ്പോൾ ക്യാൻസലേഷൻ തുക ഒഴിവാക്കാനും തീരുമാനിച്ചു.
ബുക്ക് ചെയ്ത് 72 –- 48 മണിക്കൂറിനിടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48–- 24 മണിക്കൂറിനിടയിൽ 25 ശതമാനവും 24–- 12 മണിക്കൂറിനിടയിൽ 40 ശതമാനവും 12–-രണ്ട് മണിക്കൂറിനിടയിൽ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയാൽ മതിയാകും. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനിടെ ടിക്കറ്റ് റദ്ദാക്കാനാകില്ല. കെഎസ്ആർടിസിയുടെ ഫ്രാഞ്ചസി/കൗണ്ടർ വഴി റിസർവ് ചെയ്യുന്നവർക്ക് യാത്രാതീയതി നിബന്ധനകൾക്ക് വിധേയമായി മാറ്റി നൽകും.
നാലുപേരിൽ കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. മടക്കയാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും. അന്തർസംസ്ഥാന യാത്രയ്ക്ക് റിസർവ് ചെയ്തവർക്ക് ബസിൽ കയറുന്ന സ്ഥലത്ത് എത്താൻ കെഎസ്ആർടിസിയുടെ എല്ലാ സർവീസിലും സൗജന്യ യാത്രയും അനുവദിക്കും. യാത്രാരേഖയും തിരിച്ചറിയൽ കാർഡും കണ്ടക്ടറെ കാണിച്ചാൽ മതി. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം.