ആലപ്പുഴ
എസ്ഡിപിഐ നേതാവ് കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി പഞ്ചായത്ത് 14–-ാം വാർഡിൽ ആര്യാട് ഒറ്റകണ്ടത്തിൽ ഒ എസ് അതുൽ (27), ആര്യാട് മൂന്നാംവാർഡ് അവലൂക്കുന്ന് തൈവെളി വീട്ടിൽ കെ വിഷ്ണു (28), ആര്യാട് പഞ്ചായത്ത് മൂന്നാംവാർഡിൽ കിഴക്കേവേലിയകത്ത് വീട്ടിൽ ഡി ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാംവാർഡ് കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ യു അഭിമന്യു (27), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പൊന്നാട് കുന്നുമ്മേൽ വെളിവീട്ടിൽ കെ യു സനന്ദ് (36), പ്രതികൾക്ക് ഷാനിനെ കാണിച്ചുകൊടുത്ത മണ്ണഞ്ചേരി പൊന്നാട് പ്രണവം വീട്ടിൽ പി വി പ്രണവ് (28) മണ്ണഞ്ചേരി പടിഞ്ഞാറെവെളി പി കെ ശ്രീരാജ് ( 30), പ്രതികളെ ഒളിവിൽ താമസിപ്പിച്ച തൃശൂർ തൃക്കൂർ മുട്ടിതടിയിൽ കല്ലൻകുന്നേൽ വീട്ടിൽ സുരേഷ് എന്ന സുധീഷ് (49), മുട്ടിതടിയിൽ മംഗലത്ത് വീട്ടിൽ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇതുവരെ 14പേർ അറസ്റ്റിലായി.
ആയുധം കണ്ടെടുത്തു
ഷാനിനെ വെട്ടാൽ ആർഎസ്എസ് സംഘം ഉപയോഗിച്ച ആയുധം ചേർത്തലയിലെ അരീപ്പറമ്പ് പുല്ലൻകുളത്തെ പറമ്പിൽ നിന്ന് കണ്ടെടുത്തു. ആർഎസ്എസ് ശാഖ നടത്തുന്ന സ്ഥലമാണിത്. കൊലയ്ക്കുശേഷം കണിച്ചുകുളങ്ങരയിൽ കാർ ഉപേക്ഷിച്ച് ആംബുലൻസിൽ രക്ഷപ്പെട്ട പ്രതികളാണ് ആയുധം ഒളിപ്പിച്ചത്. ഇവരെ ഇവിടെ തെളിവെടുപ്പിനെത്തിച്ചു.
കൊല ആർഎസ്എസ് നേതൃത്വം
അറിഞ്ഞെന്ന് റിമാൻഡ് റിപ്പോർട്ട്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചുപേരെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.
നിരവധി തവണ ഗൂഢാലോചന നടത്തിയ ശേഷമാണ് ഇവർ കൃത്യം നിർവഹിച്ചത്. ഏറ്റവും അവസാനത്തെ ഗൂഢാലോചന കഴിഞ്ഞ 15നും. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണപദ്ധതി തയ്യാറാക്കിയത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയെ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയതിനു പിന്നാലെ ആസൂത്രണം ആരംഭിച്ചു.
നാലു എസ്ഡിപിഐ നേതാക്കളെയാണ് ആർഎസ്എസ് ഉന്നമിട്ടത്. കൃത്യം വൈകിയതിനെ ചൊല്ലി നേതൃത്വം പ്രതികളെ മാനസിക സമ്മർദത്തിലുമാക്കി. 15ന് നടന്ന ഗൂഢാലോചനയ്ക്കു പിന്നാലെ 18ന് കൃത്യം നടത്തുകയും ചെയ്തു.
രഞ്ജിത്ത് വധം: ഒരാൾ പിടിയിലായെന്ന് സൂചന
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു എസ്ഡിപിഐക്കാരൻ ബംഗളൂരുവിൽ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ 28 കാരനാണ് പിടിയിലായത്. ഇയാൾക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായാണ് പ്രാഥമിക വിവരം. ഒളിവിലായ മറ്റ് പ്രതികളെക്കുറിച്ച് സൂചനകിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം. കൃത്യത്തിന് ശേഷം പ്രതികൾ കേരളം വിട്ടെന്നാണ് വിലയിരുത്തൽ. ഇവരെ പ്രാദേശികമായി സഹായിച്ചവരടക്കം പിടിയിലായി.