ജയ്പുർ
ചരിത്രം രചിച്ച് ഹിമാചൽപ്രദേശ്. തമിഴ്നാടിനെ 11 റണ്ണിന് വീഴ്ത്തി വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫി ചൂടി. ആഭ്യന്തര ക്രിക്കറ്റിലെ ഹിമാചലിന്റെ ആദ്യകിരീടമാണിത്. കന്നിഫൈനലിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ തമിഴ്നാടിനെ വിജെഡി നിയമപ്രകാരമാണ് മറികടന്നത്.
തമിഴ്നാട് ഉയർത്തിയ 315 റൺ പിന്തുടർന്ന ഹിമാചൽ 47.3 ഓവറിൽ നാലിന് 299 റൺ എടുത്തുനിൽക്കവെ വെളിച്ചക്കുറവ് കാരണം കളി നിർത്തുകയായിരുന്നു. ഇതോടെ വിജെഡി നിയമം നടപ്പാക്കുകയായിരുന്നു.
ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഫൈനലിൽ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 4–-40 എന്ന നിലയിൽ തുടക്കം തകർന്നു. പരിചയസമ്പന്നനായ ദിനേശ് കാർത്തിക് അവരെ നയിച്ചു. കാർത്തിക് 103 പന്തിൽ 116 റണ്ണടിച്ചു. മറുപടിയിൽ ശുഭ്മാൻ അറോറയാണ് (131 പന്തിൽ 136*) ഹിമാചലിന്റെ ജയത്തിന് അടിത്തറയിട്ടത്. ക്യാപ്റ്റൻ ഋഷി ധവാനാണ് കിരീടജയത്തിന് അവർക്ക് ബലമേകിയത്. ടൂർണമെന്റിൽ റൺവേട്ടക്കാരിലും (458) വിക്കറ്റ് വേട്ടക്കാരിലും (17) ഋഷി രണ്ടാമനായി.