കൊച്ചി
ലഹരിയുടെ ഉന്മാദത്തിൽ പൊലീസിനെ ക്രൂരമായി ആക്രമിക്കുക, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പൊലീസ് വാഹനം കത്തിക്കുക, കൈയിൽ കിട്ടുന്ന ആയുധമുപയോഗിച്ച് മർദിക്കുക… വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്നതിനുസമാനമായ ആക്രമണം കിഴക്കമ്പലത്തുണ്ടായതിന്റെ ഞെട്ടലിലാണ് മലയാളി. അഞ്ഞൂറോളംപേർ കൂട്ടമായി പൊലീസിനെ ആക്രമിക്കുന്നതും കേരളത്തിൽ ആദ്യം.
ശനി രാത്രി 10.30ന് ക്രിസ്മസ് കാരൾ നടത്തുന്നതുസംബന്ധിച്ച തർക്കമാണ് തൊഴിലാളികളുടെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. മിക്കവരും ലഹരിയിലായിരുന്നു. കാരൾ അവതരിപ്പിക്കുന്നത് ചില തൊഴിലാളികൾ എതിർത്തു. ഉറക്കം നഷ്ടപ്പെടുന്നതിന് എതിരെയായിരുന്നു ചിലരുടെ പ്രതികരണം. ലഹരിയിലാണ്ട മറുവിഭാഗം ആക്രമണത്തിലേക്ക് തിരിഞ്ഞു. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച നാട്ടുകാർക്കുനേരെയും തൊഴിലാളികൾ തിരിഞ്ഞു. പൊലീസ് എത്തുമെന്ന് ഉറപ്പായപ്പോൾ തൊഴിലാളികൾ സംഘർഷം അവസാനിപ്പിച്ച് ഒന്നായി. തുടർന്നാണ് പൊലീസിനെ ക്രൂരമായി ആക്രമിച്ചത്.
പൊലീസുകാരെ ജീപ്പിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ മർദിച്ചു. ജീപ്പിനുമുകളിൽ കയറി തല്ലിപ്പൊളിച്ചു. കല്ലേറിൽ ഇൻസ്പെക്ടർ ബോധരഹിതനായി വീണിട്ടും അക്രമികൾ പിന്തിരിഞ്ഞില്ല. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുമ്പും നാട്ടുകാരുമായി കിറ്റക്സിലെ അതിഥിത്തൊഴിലാളികൾ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ക്യാമ്പിലെ തൊഴിലാളികള് സ്ഥിരം പ്രശ്നക്കാരാണെന്നും പ്രദേശവാസികളോടുള്ള ഇവരുടെ പെരുമാറ്റം വളരെ മോശമാണെന്നും നാട്ടുകാര് പറയുന്നു.
ഗോ ബാക്ക് വിളിച്ച് കല്ലേറ്;
ആക്രമണം അപ്രതീക്ഷിതം
‘മലയാളിപ്പൊലീസ് ഗോ ബാക്ക്’ എന്ന് വിളിച്ചാണ് അതിഥിത്തൊഴിലാളികൾ കല്ലേറും അടിയും തുടങ്ങിയതെന്ന് കിഴക്കമ്പലത്ത് ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ എം ബി സുബൈർ പറഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ വി ടി ഷാജന്റെ നേതൃത്വത്തിലാണ് സ്ട്രൈക്കർ ടീമിനൊപ്പം സുബൈർ സ്ഥലത്തെത്തിയത്.
‘തൊഴിലാളികൾ ഏറ്റുമുട്ടുന്നതായി നാട്ടുകാരാണ് അറിയിച്ചത്. കൺട്രോൾ റൂമിൽനിന്ന് എത്തിയവരെ തൊഴിലാളികൾ തടഞ്ഞു. തുടർന്നാണ് സ്ട്രൈക്കർ ടീം എത്തിയത്. ഞങ്ങൾ എത്തിയതോടെ കല്ലേറുണ്ടായി. ഇരുമ്പുവടിയും പട്ടികക്കഷണങ്ങളുംകൊണ്ട് മർദിച്ചു. തലയ്ക്ക് ഏറുകൊണ്ട ഇൻസ്പെക്ടർ ഷാജൻ ബോധരഹിതനായി. എസ്ഐ സാജന്റെ തലയിൽനിന്ന് ചോര വാർന്നൊലിച്ചു. കല്ലേറിൽ എന്റെ ചുണ്ടിനും കവിളിനും പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്’–- സുബൈർ പറഞ്ഞു.
പട്ടികക്കഷണംകൊണ്ടുള്ള അടിയേറ്റാണ് സിപിഒ വി പി രാജേന്ദ്രന്റെ വലതുകൈക്ക് പരിക്കേറ്റത്. ‘അക്രമികളിൽനിന്ന് ഒരുവിധം രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണമാണുണ്ടായത്. എഎസ്ഐ ശിവദാസിനെയും അതിഥിത്തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ജീപ്പ് കത്തിച്ചതും മറ്റ് വാഹനങ്ങൾ തകർത്തതും ആശുപത്രിയിൽ വന്നശേഷമാണ് അറിഞ്ഞത്’–- രാജേന്ദ്രൻ പറഞ്ഞു.
പ്രത്യേക സംഘം അന്വേഷിക്കും
കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. പെരുമ്പാവൂർ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ 19 ഉദ്യോഗസ്ഥരാണ് അന്വേഷകസംഘത്തിലുള്ളത്. ലഹരി ഉപയോഗം, പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടോ, ഇതരസംസ്ഥാനത്തുനിന്ന് എത്തി ആക്രമണം നടത്തിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തും. റേഞ്ച് ഡിഐജി നീരജ്കുമാർ ഗുപ്ത, റൂറൽ എസ്പി കെ കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തു. 500 പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഡിഐജിയും എസ്പിയും സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പിക്കറ്റിങ് തുടരുമെന്നും എസ്പി പറഞ്ഞു.
കിറ്റെക്സിന് ഉത്തരവാദിത്വം:
പൊലീസ് അസോസിയേഷനുകൾ
കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കിറ്റെക്സ് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പൊലീസ് അസോസിയേഷനുകൾ. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ ഉത്തരവാദിത്തമുണ്ട്. എവിടെനിന്നോ കിട്ടിയ മയക്കുമരുന്ന് ഉപയോഗിച്ചശേഷം ആക്രമണം നടത്തിയെന്ന കമ്പനി വിശദീകരണം തള്ളിക്കളയണമെന്നും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പ്രവീണും ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇത്തരം സംഭവം ആവർത്തിക്കാൻ അനുവദിക്കരുത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം.
കേരളത്തിൽ ആദ്യമായാണ് അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിക്കുന്നതും വാഹനങ്ങൾ തീയിട്ടുനശിപ്പിക്കുന്നതും. സംഘടിത ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
തൊഴിലാളികൾ മയക്കുമരുന്ന്
ഉപയോഗിച്ചെന്ന് കിറ്റെക്സ് എംഡി
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കിറ്റെക്സ് തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് കിറ്റെക്സ് കമ്പനി എംഡി സാബു ജേക്കബ് സമ്മതിച്ചു. നാഗാലാൻഡ്, മണിപ്പുർ സ്വദേശികളായ തൊഴിലാളികൾ ക്യാമ്പിൽ കാരൾ നടത്തി. അവരിൽ കുറച്ചുപേർ ഇത് എതിർത്തു. തുടർന്ന് സംഘർഷമുണ്ടായി. നിയന്ത്രിക്കാനെത്തിയ സെക്യൂരിറ്റിയെയും ആക്രമിച്ചു. പൊലീസിനെയും ആക്രമിച്ചു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.