വാസ്കോ
തുടർച്ചയായ മൂന്നാംജയമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം പൊലിഞ്ഞു. ജംഷഡ്പുർ എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു (1–-1). ഗ്രെഗ് സ്റ്റ്യുവർട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിന് സഹൽ അബ്ദുൾ സമദിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. തുടർച്ചയായ മൂന്നാംകളിയിലാണ് സഹൽ ഗോളടിക്കുന്നത്. 36–-ാം മിനിറ്റിൽ അർഹിച്ച പെനൽറ്റി റഫറി അനുവദിക്കാത്തത് ബ്ലാസ്റ്റേഴ്സിന്റെ ജയം തടഞ്ഞു.
സമനിലയോടെ പട്ടികയിൽ 13 പോയിന്റുമായി മൂന്നാമതായി ബ്ലാസ്റ്റേഴ്സ്. രണ്ടാമതുള്ള ജംഷഡ്പുരിനും സമാന പോയിന്റാണ്. എന്നാൽ ഗോൾ വ്യത്യാസത്തിൽ അവർ മുന്നേറി. മുംബൈ സിറ്റിയാണ് ഒന്നാമത് (15).
14–-ാം മിനിറ്റിലാണ് സ്റ്റ്യുവർട്ട് ജംഷഡ്പുരിനെ മുന്നിലെത്തിച്ചത്. പിന്നാലെ സഹലിന്റെ സമനില ഗോൾ പിറന്നു. അൽവാരോ വാസ്കസ് തൊടുത്ത പന്ത് ജംഷഡ്പുർ ഗോളി ടി പി രഹ്നേഷ് തടുത്തിട്ടു. പന്ത് കിട്ടിയത് സഹലിന്. ഇത്തവണ രഹ്നേഷിന് രക്ഷപ്പെടുത്താനായില്ല.
പിന്നാലെ വാസ്കസ് ബോക്സിൽനിന്നടിച്ച പന്ത് ലാൽദിൻലിയാനയുടെ കൈയ്യിൽ തട്ടിയെങ്കിലും റഫറി പെനൽറ്റി നൽകിയില്ല. രണ്ടാംപകുതി മുന്നിലെത്താൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും പിഴച്ചു. ജനുവരി രണ്ടിന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.