തിരുവനന്തപുരം
സംഘടിത കുറ്റകൃത്യം തടയാൻ ‘ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡു’മായി കേരള പൊലീസ്. സ്വർണക്കടത്ത്, മയക്കുമരുന്ന്–-ഭൂമാഫിയ, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവ സ്ക്വാഡ് അന്വേഷിക്കും. എഡിജിപി മനോജ് എബ്രഹാമാണ് സംസ്ഥാന നോഡൽ ഓഫീസർ.
ജില്ലകളിൽ മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകും. ഇത്തരം കുറ്റകൃത്യങ്ങൾ പലപ്പോഴും കൊലപാതകത്തിൽവരെ എത്താറുണ്ട്. പണമുണ്ടാക്കാൻ ക്വട്ടേഷൻ സംഘമടക്കം ഈ മാർഗത്തിലേക്ക് തിരിയുന്നുണ്ട്. വർഗീയ–- തീവ്രവാദ സംഘങ്ങളുടെ പ്രധാന സാമ്പത്തികസ്രോതസ്സ് സ്വർണക്കടത്താണ്. ഇവ കണ്ടെത്തി മൂക്കുകയറിടുന്നതിനാണ് പുതിയ തീരുമാനം. സൈബർ സഹായവും സ്ക്വാഡിനുണ്ടാകും. ഇത്തരം ക്രിമിനൽ സംഘാംഗങ്ങളുടെ പട്ടിക തയ്യാറാക്കും. അവരുടെ ഫോണടക്കം പൊലീസ് നിരീക്ഷിക്കും. ‘ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡ്’ സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം ഇറങ്ങും.