സെഞ്ചുറിയൻ
ക്രിസ്മസ് പിറ്റേന്ന് ബോക്സിങ് ഡേയിൽ ലോകേഷ് രാഹുൽ ഇന്ത്യക്ക് ആഘോഷമൊരുക്കി. വിരട്ടാൻവന്ന ദക്ഷിണാഫ്രിക്കൻ പേസ്നിരയെ മെരുക്കി ഉശിരൻ സെഞ്ചുറിയുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കളംനിറഞ്ഞപ്പോൾ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റണ്ണെടുത്തു. രാഹുൽ 122 റണ്ണുമായി ക്രീസിലുണ്ട്. ഏഴാം ശതകമാണ് ഈ വലംകൈയന്റേത്. കളിച്ച എല്ലാ രാജ്യങ്ങളിലും മൂന്നക്കം കാണുകയും ചെയ്തു. അജിൻക്യ രഹാനെയാണ് (40) രാഹുലിന് കൂട്ടായി ക്രീസിൽ. ലുങ്കി എൻഗിഡിക്കാണ് മൂന്ന് വിക്കറ്റും.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് ബൗളർമാരെയും ഒരു ഓൾറൗണ്ടറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ എത്തിയത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ആർ അശ്വിൻ എന്നിവർക്കൊപ്പം ശർദുൾ താക്കൂറിനെ ഓൾറൗണ്ടറായും പരിഗണിച്ചു. ബാറ്റിൽ അജിൻക്യ രഹാനെ സ്ഥാനം പിടിച്ചപ്പോൾ ശ്രേയസ് അയ്യർ പുറത്തിരുന്നു. മായങ്ക് അഗർവാളും (60) രാഹുലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും 117 റൺ ചേർത്തു. എൻഗിഡിയാണ് ദക്ഷിണാഫ്രിക്കയെ കളിയിൽ തിരികെയെത്തിച്ചത്.
മായങ്കിനെയും ചേതേശ്വർ പൂജാരയെയും (0) അടുത്ത പന്തുകളിൽ മടക്കി എൻഗിഡി പ്രതീക്ഷ നൽകി. ജാഗ്രത കാട്ടാതെ നേരിട്ട ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വലിച്ചെറിഞ്ഞ് പൂജാര മോശം പ്രകടനം ആവർത്തിച്ചു. കോഹ്ലി (35) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും എൻഗിഡി മടക്കി. പിന്നാലെയെത്തിയ രാഹാനെ രാഹുലിന് മികച്ച പിന്തുണ നൽകി. 17 ഫോറും ഒരു സിക്സറും രാഹുലിന്റെ ഇന്നിങ്സിലുണ്ട്.