കാസർകോട്
ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ സിപിഐ എം ശക്തമാകണമെന്ന് തിരിച്ചറിഞ്ഞാണ് മറ്റ് പാർടികളിൽനിന്നുള്ളവർ വന്നുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ കോൺഗ്രസ് വിടുന്നവർ സിപിഐ എമ്മിലേക്ക് വരാൻ അറച്ചുനിന്നിരുന്നു. ഇന്ന് എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്ന പാർടിയായി സിപിഐ എം മാറി. ഇത് ദേശീയതലത്തിലും പ്രതിഫലിക്കും. ഇന്ത്യ ഹിന്ദുക്കളാണ് ഭരിക്കേണ്ടതെന്ന രാഹുൽഗാന്ധിയുടെ നിലപാട് കോൺഗ്രസ് നേരത്തെ എടുത്തിരുന്നുവെങ്കിൽ മൻമോഹൻ സിങ് പ്രധാന മന്ത്രിയാകുമായിരുന്നോ. ഗ്യാനി സെയിൽസിങ്, ഫക്രുദീൻ അലി അഹമ്മദ് എന്നിവർ രാഷ്ട്രപതിയാകുമായിരുന്നോ. ഒരേസമയത്ത് ഹിന്ദു, മുസ്ലിം വർഗീയത ഇളക്കിവിടുകയാണ് കോൺഗ്രസ്. ഇത് ഗുണകരമാവുക ബിജെപിക്കാണ്. ഇത് തിരിച്ചറിഞ്ഞാണ് മുസ്ലിങ്ങൾ അടക്കമുള്ള വലിയ ജനവിഭാഗം സിപിഐ എമ്മിനൊപ്പം അണിനിരക്കുന്നത്. മലപ്പുറം ജില്ലയിൽ 42 ശതമാനം വോട്ടർമാരും എൽഡിഎഫിന് വോട്ട് ചെയ്തവരാണ്.
കേരളത്തിലെ മതേതരത്വം തകർക്കാനാണ് ആർഎസ്എസ്, എസ്ഡിപിഐ ശ്രമം. കൊലപാതകങ്ങൾ നടത്തിയവർതന്നെ സർക്കാരിനെ കുറ്റം പറയുന്നു. ഇവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടാകണം–- കോടിയേരി പറഞ്ഞു.
യുഡിഎഫ് വികസന വിരോധികൾ
എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ എതിർക്കുന്ന യുഡിഎഫിന് സങ്കുചിത രാഷ്ട്രീയമാണുള്ളത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ദേശീയപാത 35 മീറ്റർ വീതിയിലാക്കണമെന്ന് ആവശ്യമുയർന്നപ്പോൾ 45 മീറ്റർ വേണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. അന്ന് പ്രതിപക്ഷത്തിന് നശീകരണ മനസ്സുണ്ടായിരുന്നില്ല. യുഡിഎഫിന് പദ്ധതി നടപ്പാക്കാനായില്ല. പിണറായി സർക്കാരാണ് അത് യാഥാർഥ്യമാക്കിയത്. എൽഡിഎഫ് പറഞ്ഞാൽ ചെയ്യുമെന്ന സന്ദേശമാണിത്.
റോഡിലെ തിരക്ക് കുറയ്ക്കാനാണ് അർധ അതിവേഗ റെയിൽപാത പ്രഖ്യാപിച്ചത്. ഭൂവുടമകൾ സ്ഥലം നൽകാൻ തയ്യാറാണ്. ഇത് തടയാനാണ് ചിലരുടെ ശ്രമം. ഇവർക്ക് മുന്നിൽ പിണറായി സർക്കാർ കീഴടങ്ങില്ല. പാത വന്നാൽ യുഡിഎഫ് എന്താകുമെന്ന വിചാരമാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ എതിർപ്പിന് കാരണമെന്ന് കോടിയേരി പറഞ്ഞു.