കോലഞ്ചേരി
വ്യവസായി സാബു ജേക്കബിന്റെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ അതിഥിത്തൊഴിലാളികൾ സംഘടിതമായി പൊലീസിനെ ആക്രമിച്ചു. ഇൻസ്പെക്ടർ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. അക്രമികൾ പൊലീസ് ജീപ്പ് കത്തിച്ചു. പൊലീസിന്റെ മറ്റ് നാല് വാഹനങ്ങളും തകർത്തു.
ശനി രാത്രി 10.30ന് ചൂരക്കോട്ടെ കിറ്റെക്സ് കമ്പനി ലേബർ ക്യാമ്പിലാണ് കലാപശ്രമം . മണിപ്പുരിൽനിന്നും നാഗാലാൻഡിൽനിന്നുമുള്ള തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ക്യാമ്പിൽ ക്രിസ്മസ് കാരൾ സംഘടിപ്പിച്ചിരുന്നു. ചിലർ ഇത് ചോദ്യം ചെയ്തത് സംഘർഷത്തിലെത്തി. തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. കൺട്രോൾ റൂമിൽനിന്ന് വാഹനമെത്തിയതോടെ അഞ്ഞൂറോളം തൊഴിലാളികൾ ഇരുമ്പുവടിയും പട്ടികയുമായി റോഡിലേക്കിറങ്ങി, ‘മലയാളിപ്പൊലീസ് വരുന്നു’ എന്നാക്രോശിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കുന്നത്തുനാട് എസ്ഐ സാജനെയും എഎസ്ഐ ശിവദാസിനെയും ക്രൂരമായി മർദിച്ച സംഘം, ജീപ്പിന്റെ താക്കോൽ ഊരിയെടുത്തു. കൈ പിടിച്ചുവച്ചശേഷം ഉദ്യോഗസ്ഥരുടെ മൊബൈൽ കൈക്കലാക്കി. വയർലെസ് കേടാക്കിയശേഷം ജീപ്പ് അടിച്ചുതകർത്തു. പൊലീസുകാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല.
ഇൻസ്പെക്ടർ വി ടി ഷാജന്റെ നേതൃത്വത്തിൽ സ്ട്രൈക്കർഫോഴ്സ് എത്തിയതോടെ ലേബർ ക്യാമ്പിൽനിന്ന് കല്ലേറ് രൂക്ഷമായി. ഇൻസ്പെക്ടർ ഷാജനും എസ്ഐ ഒ വി സാജനും തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഷാജന്റെ കൈവിരൽ ഒടിഞ്ഞു. എസ്ഐ അനൂപ്, എഎസ്ഐ വി പി ശിവദാസ്, സിപിഒമാരായ സുബൈർ, വി പി രാജേന്ദ്രൻ, രതീഷ്, നിഷാദ്, എആർ ക്യാമ്പിലെ പൊലീസുകാരായ ഇസ്മയിൽ, ആദർശ്, സനു മോഹൻ, സനൽ, ഫാസിൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ പൊലീസ് എത്തുംമുമ്പേ കുന്നത്തുനാട് സ്റ്റേഷനിലെ ജീപ്പ് അക്രമികൾ കത്തിച്ചു. പൊലീസ് കൺട്രോൾ റൂം ജീപ്പും തടിയിട്ടപറമ്പ്, എടത്തല സ്റ്റേഷനുകളിലെ ജീപ്പും സ്ട്രൈക്കർഫോഴ്സിന്റെ ഒരു വാനും തല്ലിത്തകർത്തു. സംഘർഷം പുലർച്ചെവരെ നീണ്ടു. റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 പൊലീസുകാർ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. 156 പേരെ കസ്റ്റഡിയിലെടുത്തു.
24പേർക്കെതിരെ കേസെടുത്തു. 18പേർക്കെതിരെ വധശ്രമത്തിനും ആറു പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. ഡിഐജി നീരജ്കുമാർ ഗുപ്ത സ്ഥലത്തെത്തി. തൊഴിലാളികൾ ലഹരിയിലായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുത്തൻകുരിശ്, പെരുമ്പാവൂർ, മൂവാറ്റുപുഴ, മുനമ്പം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പി വി ശ്രീനിജിൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.