ന്യൂഡൽഹി
രാജ്യത്താകെ ഒമിക്രോൺ കേസ് 450 ആയി ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയും കർണാടകയും ഡൽഹിയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഹരിയാനയിലും മധ്യപ്രദേശിലും നിലവിൽ രാത്രി കർഫ്യൂ ഉണ്ട്. ഡൽഹിയടക്കം പല സംസ്ഥാനവും ക്രിസ്മസ് ആ ഘോഷം ഒഴിവാക്കി. കർണാടകയിലടക്കം പുതുവത്സരാഘോഷം നിയന്ത്രിച്ചു.
ഹിമാചലിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. ആന്ധ്രയിൽ രണ്ട് ഒമിക്രോൺ കേസുകൂടി സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ എട്ടും ഒഡിഷയിൽ നാലും ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒമിക്രോൺ നൂറു കടന്നു. ആകെ 141 കേസ്. മഹാരാഷ്ട്ര അഹമദ്നഗറിലെ നവോദയ വിദ്യാലയത്തിലെ 48 കുട്ടികളടക്കം 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടകത്തിൽ ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. പബ്ബുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം ശേഷിയുടെ പകുതി മാത്രമാക്കി. ഡൽഹിയിൽ തിങ്കൾ മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യു. പ്രതിദിന കോവിഡ് കേസ് 290 ആയി ഉയർന്നു. 0.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.