ശബരിമല> മണ്ഡല പൂജയ്ക്ക് അയ്യപ്പന്റെ വിഗ്രഹത്തില് ചാര്ത്തുവാനുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനതെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പമ്പയിലെത്തിയ ഘോഷയാത്രയ്ക്ക് വിപുലമായ സ്വീകരണമാണ് തീര്ഥാടകര് നല്കിയത്. ശരണംവിളികളുമായി ആയിരക്കണക്കിന് തീര്ഥാടകര് പമ്പയില് ഘോഷയാത്രയില് പങ്കെടുത്തു.
വൈകിട്ട് മൂന്നരയോടെ പമ്പയില് നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് ശരംകുത്തിയില് ആചാരപ്രകാരമുള്ള സ്വീകരണം നല്കി. തുടര്ന്ന് ദേവസ്വം ബോര്ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരപൂര്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില് ദേവസ്വം മന്ത്ര കെ രാധാകൃഷ്ണന്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും മറ്റ് ബോര്ഡ് അംഗങ്ങളും ചേര്ന്ന് സ്വീകരിച്ചു.
പിന്നീട് തങ്ക അങ്കി അടങ്ങിയ പേടകം സോപാനത്ത് തന്ത്രിയും മേല്ശാന്തിയും ചേര്ന്ന് ഏറ്റുവാങ്ങി. 6.30ന് തങ്കഅങ്കി ചാര്ത്തിയുള്ള ദീപാരാധന നടന്നു. ഞായര് പകല് 11.50നും 1.15 നും ഇടയിലാണ് മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് അടയ്ക്കുന്ന നട വൈകിട്ട് 4ന് വീണ്ടും തുറക്കും. അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര് 30ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും.
അന്നേ ദിവസം തീര്ഥാടകര്ക്ക് പ്രവേശനം ഉണ്ടാവില്ല. 2022 ജനുവരി 14ന് ആണ് മകരവിളക്ക്, -മകരജ്യോതി ദര്ശനം.