പിണറായി > അനാവശ്യ എതിർപ്പിനുമുന്നിൽ ജനങ്ങൾക്കാവശ്യമുള്ള ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. കഴിഞ്ഞ അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾ മാറ്റിവച്ചിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർടി സമ്മേളനത്തിന്റെ 82–-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവികൂടി കണ്ടാണ് അർധ അതിവേഗ റെയിൽപാത വിഭാവനംചെയ്തത്. എൽഡിഎഫിന്റെ കാലത്ത് അത്തരമൊരു പദ്ധതി വേണ്ടെന്നുമാത്രമാണ് യുഡിഎഫിന്റെ ഉള്ളിലിരിപ്പ്. കോവളം മുതൽ ബേക്കൽവരെയുള്ള ജലപാതയും യാഥാർഥ്യമാകുകയാണ്. മലബാറിൽ ചെറിയഭാഗം മാത്രമാണ് ഇനി യോജിപ്പിക്കാനുള്ളത്. അതുകൂടി വരുന്നതോടെ ടൂറിസം മേഖലയിലുൾപ്പെടെ വൻ കുതിച്ചുചാട്ടമുണ്ടാകും. തീരദേശപാതയും മലയോര ഹൈവേയും കേരളത്തിന്റെ വികസനത്തിൽ മറ്റൊരു നാഴികക്കല്ലാണ്. നവകേരളസൃഷ്ടിയുടെ ഭാഗമാണിത്. ഞങ്ങൾ ഇതിന്റെ കൂടെയില്ലെന്നാണ് ചിലർ പറയുന്നത്. ഇങ്ങനെ പറയുന്നവരോടൊപ്പം നേരത്തെ കൂടെയുണ്ടായിരുന്നവർപോലും ഇപ്പോഴില്ല. തെറ്റായ കാര്യങ്ങളാണ് വികസന പ്രവർത്തനങ്ങൾക്കെതിരെ ബോധപൂർവം പ്രചരിപ്പിക്കുന്നത്. എന്നാൽ, ശരിയായ കാര്യങ്ങൾ ജനങ്ങൾ മനസിലാക്കുന്നുവെന്നതാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
വർഗീയ പാർടികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമെന്ന നിലയിലാണ് കേരളം തലയുയർത്തിനിൽക്കുന്നത്. ഇതിന് കോട്ടം തട്ടിക്കാനാവുമോ എന്ന് ചിലർ നോക്കുന്നുണ്ട്. രാജ്യത്ത് ആർഎസ്എസ് ഉണ്ടാക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്. ഇവിടെ ജീവിക്കാനാകുമോ എന്ന ആശങ്കപോലും പലയിടങ്ങളിലും ഉയരുന്നു. ഇതിനെ നേരിടാൻ ഞങ്ങൾക്ക് കരുത്തുണ്ട് എന്ന നിലയിലാണ് എസ്ഡിപിഐ നീക്കം. വർഗീയതയെ മതനിരപേക്ഷതകൊണ്ടാണ് നേരിടേണ്ടത്. മുസ്ലിംലീഗും രാഷ്ട്രീയപാർടിയെന്ന സ്വഭാവം വിട്ട് മറ്റൊരു മേലങ്കി അണിയാൻശ്രമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. എൽഡിഎഫിനൊപ്പം ജനങ്ങൾ അണിനിരക്കുന്നത് എങ്ങനെ തകർക്കാമെന്ന നീക്കത്തിന്റെ ഭാഗമാണ് വർഗീയത ഇളക്കിയുള്ള ഇത്തരം നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.