കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷംനടത്തിയ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ സംഘർഷം ഉണ്ടായത്. തടയാനെത്തിയ പോലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും രണ്ടു പോലീസ് വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാൻഡ്, മണിപ്പൂർ സംസ്ഥാനക്കാരായ തൊഴിലാളികൾ ക്രിസ്മസിന്റെ ഭാഗമായി കരോൾ നടത്തിയിരുന്നു. അവരിൽ തന്നെ കുറച്ച് ആളുകൾ ഇതിനെ എതിർത്തു. തുടർന്ന് സംഘർഷമുണ്ടായി. അത് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പർവൈസേഴ്സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. തുടർന്ന് ഞങ്ങൾ പോലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പോലീസെത്തിയപ്പോൾ അവരേയും അക്രമിച്ചു. തൊഴിലാളികൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആരേയും ആർക്കും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലേക്ക് മാറി, കിറ്റെക്സ് എംഡി പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇവരെന്ന് തോന്നുന്നില്ല. നാഗലാൻഡ്, മണിപ്പൂർ മേഖലയിൽ നിന്ന് എത്തുന്നവർ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. തങ്ങളുടെ വർഷങ്ങളായുള്ള അനുഭവം അതാണ്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു സംഭവം ഉണ്ടായിട്ടുള്ളത്. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആകാം പലരും ഇത് ഉപയോഗിച്ചത്. ലഹരിക്കുപുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്. മൻകൂട്ടി പ്ലാൻ ചെയ്ത ഒരു സംഭവമല്ല. അതാണ് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
പി.വി. ശ്രീനിജൻ എംഎൽഎ മത്സരിച്ച് ജയിച്ച അന്നുമുതൽ ഈ കമ്പനി പൂട്ടിക്കാൻ നടക്കുകയാണ്. അദ്ദേഹത്തിന് മറുപടി ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
സംഘർഷത്തിൽ കിറ്റെക്സ് മാനേജ്മെന്റിനും ഉത്തരവാദിത്തമുണ്ടെന്ന് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ ആരോപിച്ചിരുന്നു. തൊഴിലാളികൾക്കെതിരേഇത്തരത്തിൽ നിരന്തരം പരാതികൾ ഉയർന്നിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി.