കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ കിറ്റക്സ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു.
കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേർക്ക് ജീവിക്കാവുന്ന കൂരകളിൽ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടു.
ഈ തൊഴിലാളികൾക്കെതിരെ നാട്ടുകാർ നേരത്തെ തന്നെ ഒരുപാട് തവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലേബർ ഡിപ്പാർട്ട്മെന്റ് പരിശോധനകൾക്ക് എത്തിയപ്പോൾ തങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്സ് മാനേജ്മെന്റ് ശ്രമിച്ചത്. കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചാരണവും മാനേജ്മെന്റ് നടത്തി. ഇതിനെ തുടർന്ന് അന്വേഷണങ്ങൾ തുടരാൻ സാധിച്ചില്ല.
ഇതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ. അന്ന് ഇത് കൃത്യമായി പരിഹരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. നാട്ടുകാർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും പി.വി ശ്രീനിജൻ പറഞ്ഞു.
Content Highlights: PV Sreenijan MLA against kitex Management