ചണ്ഡീഗഡ് > പഞ്ചാബിലെ റോഡിന് സ്വാതന്ത്ര്യസമരസേനാനിയും സിപിഐ എം ജനറല് സെക്രട്ടറിയുമായിരുന്ന ഹര്കിഷന്സിങ് സുര്ജിതിന്റെ പേര് സംസ്ഥാന സര്ക്കാര്. ബാരാ പിന്ദില് നിന്നും ജലന്ധറിലേക്കുള്ള 25 കിലോമീറ്റര് റോഡിന് ‘കൊമ്രേഡ് ഹര്കിഷന്സിങ് സുര്ജിത് മാര്ഗ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സുര്ജിതിനോട് ആദരപൂര്വം നഴ്സിങ് കോളേജും ആരംഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്ജിത് സിങ് ചന്നി പ്രഖ്യാപിച്ചു. സുര്ജിതിന്റെ ജന്മസ്ഥലമായ ജലന്ധറിലെ ബണ്ടാലയിലാണ് കോളേജ് സ്ഥാപിക്കുന്നത്. സുര്ജിതിന്റെയും ഭാര്യ പ്രീതം കൗറിന്റെ ചിത്രത്തിനുമുന്നില് പുഷ്പാര്ച്ചന നടത്തിയശേഷമാണ് ചന്നിയുടെ പ്രഖ്യാപനം. മുന്പ് ബണ്ടാലയിലെ സര്ക്കാര് ഹയര്സെക്കന്ററി സ്മാര്ട്ട് സ്കൂളിനും സുര്ജിതിന്റെ പേര് നല്കിയിരുന്നു.
‘സഖാവ് സുര്ജിത് രാജ്യത്തിന് നല്കിയ സംഭാവനകള് കണക്കിലെടക്കുമ്പോള് സുര്ജിതിന്റെ പേരിലുള്ള റോഡുകളും സ്കൂളുകളും അത്രമേല് വലിയവയല്ല. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സുര്ജിത് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. രാജ്യതാല്പര്യത്തിനുവേണ്ടി എക്കാലവും നിലകൊണ്ട സഖാവ്, ഇന്ത്യയെ വിഭജിക്കാനുള്ള വിഘടനവാദികളുചെയും ഫാസിസ്റ്റുകളുടെയും നീക്കത്തിനെതിരെ മുന്നിരയിലുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി സര്ക്കാര് ഒരു മടിയും കാണിക്കില്ല’- മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ എം പഞ്ചാബ് സംസ്ഥാന സെക്രട്ടറി സുഖ് വീന്ദര് സിങ് സെഖോണ് ഉള്പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചന്നിയുടെ പ്രസംഗം.