തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് പിന്തുണ നൽകാൻ ഉപാധിവെച്ച് സി.പി.ഐ. പദ്ധതിയുടെ വിശദമായരൂപരേഖ പുറത്തുവിടണമെന്ന് സി.പി.ഐ ആവശ്യപ്പെടും. ഉഭയകക്ഷി ചർച്ചയിൽ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും.
എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ. റെയിൽ എന്നായിരുന്നു പദ്ധതിയെ പിന്തുണക്കാനായി സി.പി.ഐ പറഞ്ഞിരുന്ന കാരണം. എന്നാൽ കഴിഞ്ഞയാഴ്ചചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ കെ.റെയിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുൻമന്ത്രി വി.എസ് സുനിൽകുമാർ ഉൾപ്പടെയുള്ള ആളുകൾ പദ്ധതിക്കെതിരേരംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയെ പിന്തുണയ്ക്കാൻ ഉപാധി വെക്കാനുള്ള തീരുമാനത്തിലേക്ക് സി.പി.ഐ ചുവടുമാറ്റുന്നത്.
നേരത്തെ നിരുപാധിക പിന്തുണയാണ് പദ്ധതിക്ക് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അതിൽ നിന്ന് പിന്നോട്ട് പോകുകയാണ് സി.പി.ഐ. സി.പി.എമ്മുമായി എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടും. അത് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് അറിയിക്കും. നേരത്തെ സി.പി.എം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.പി.ആർ പുറത്തുവിടണമെന്ന് ആവശ്യമുയർത്തിയിരുന്നു.
എന്നാൽസർക്കാർ ഇതുവരെ ഡി.പി.ആർ പുറത്തുവിടാൻ തയ്യാറായിരുന്നില്ല. ഡി.പി.ആർ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തിൽ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ.റെയിൽ എം.ഡി ഉൾപ്പടെയുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ സി.പി.ഐ നിലപാട് മാറ്റിയതോടെ ഡി.പി.ആർ പുറത്തുവിടാൻ സർക്കാർ നിർബന്ധിരായേക്കും. ഡി.പിആർ കണ്ട ശേഷമായിരിക്കും സി.പി.ഐ വിഷയത്തിലെ തുടർനിലപാട് തീരുമാനിക്കുക.
Content Highlights: Silver line project,K-Rail, CPI, CPIM