കൊച്ചി
കൊച്ചി ക്യാൻസർ സെന്ററിൽ മൂന്ന് പുതിയ ക്ലിനിക്കുകൾ ജനുവരിയിൽ പ്രവർത്തനം തുടങ്ങും. ദീർഘകാലം കീമോതെറാപ്പി വേണ്ടവർക്കും പുകയിലയുടെ ഉപയോഗം നിർത്താനുള്ളവർക്കും തൊണ്ടയിലെ അർബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞവർക്കുമാണ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
അർബുദം ബാധിച്ച് ദീർഘനാൾ കീമോ തെറാപ്പി ചെയ്യേണ്ടവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇതിനുള്ള ചികിത്സകൾക്കാണ് ക്ലിനിക്. രോഗബാധിതരിൽ നല്ലൊരു ശതമാനവും പുകവലിയും മറ്റുതരത്തിലുള്ള പുകയിലയുടെ ഉപയോഗവും ശീലിച്ചവരാണ്. ഇത് മാറ്റാനായി പ്രത്യേകം ചികിത്സ ലഭ്യമാക്കും. തൊണ്ടയിലെ അർബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സംസാരിക്കാൻ കഴിയില്ല. ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് നേരിടും. ഇത് നേരിടാൻ മാനസികമായി തയ്യാറാക്കുന്നതിനടക്കമുള്ള ചികിത്സയാകും നൽകുക. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്ലിനിക്കുകളിൽ ലഭ്യമാക്കും. |
ക്യാൻസർ സെന്ററിന്റെ പ്രധാന കെട്ടിടമായ എ ബ്ലോക്കിന്റെ മുൻവശത്തിന്റെ രൂപരേഖ ഉടൻ തയ്യാറാകും. ഇതിനായി തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാൻസർ സെന്ററിന് ലഭ്യമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ക്യാൻസർ സെന്റർ കെട്ടിടനിർമാണം നവംബർ 10ന് പുനരാരംഭിച്ചിരുന്നു. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 150 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 162 കോടിയായി വർധിപ്പിച്ചു.