തിരുവനന്തപുരം> കേരളത്തിൽ ഒരു വികസനവും നടക്കില്ലെന്ന ശാപവാക്കുൾക്കുപകരം ഇവിടെ പലതും നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വർഷങ്ങളായി മുടങ്ങിയ ദേശീയപാത, ഗെയിൽ, കൊച്ചി–- ഇടമൺ പവർ ഹൈവെ എന്നിവ യാഥാർഥ്യമാക്കിയത് ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കി. ഇവയ്ക്കെതിരെ അതിശക്തമായ എതിർപ്പുണ്ടായി. എന്നാ ൽ, സർക്കാർ കാര്യമാക്കിയില്ല. പദ്ധതികൾ വരുംതലമുറയ്ക്ക് ഒഴിച്ചുകൂടാത്തതാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി.
നാടിനുവേണ്ട പലതും നടപ്പാക്കാനാകാത്തതിനാൽ കേരളത്തിൽ ഒന്നും നടക്കില്ലെന്ന് ശാപവാക്കോടെ പലരും പറഞ്ഞു. എന്നാൽ, ഇന്ന് കാര്യങ്ങൾ നടക്കുമെന്ന സ്ഥിതിയായി. അതോടെ നിരാശ മാറി പ്രത്യാശയുടെ വാക്കുകൾ ഉയരുകയാണ്.
സംസ്ഥാനത്തെ വൻകിട പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ ഉദ്യോഗസ്ഥർക്കാകണം. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർക്കാർ നയങ്ങൾ നടപ്പാക്കുന്നതിൽ മുന്നിൽനിൽക്കേണ്ടവർ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.