കോൺഗ്രസ് നേതാവായിരിക്കുമ്പോൾത്തന്നെ നേതൃത്വത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്ത നേതാവാണ് പി ടി തോമസ്. ഈ വിയോജിപ്പുകളാണ് രാഷ്ട്രീയനേതാവ് എന്നനിലയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പരിസ്ഥിതി വിഷയങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തപ്പോൾ പി ടിയുടെ മൂർച്ചയേറിയ എതിർ അഭിപ്രായങ്ങൾ ഏറെ ചർച്ചയായി. ഇടുക്കി എംപിയായിരിക്കെ ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ടിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ, ഇടുക്കി ബിഷപിന്റെ എതിർപ്പിനെ തുടർന്ന് നേതൃത്വം പി ടിയെ തഴഞ്ഞു. പിന്നീട് രാഷ്ട്രീയവനവാസം.
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടി നൽകാൻ കാത്തിരുന്ന വി എം സുധീരൻ കെപിസിസി പ്രസിഡന്റായതാണ് പി ടിക്ക് തിരിച്ചുവരവിന് അവസരം നൽകിയത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ബെന്നി ബഹനാന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുത്ത് നൽകി. എ ഐ ഗ്രൂപ്പുകൾ തോൽപ്പിക്കാനിറങ്ങിയിട്ടും തോമസവിടെ ജയിച്ചു. പലരും പിന്നിലൂടെ കുത്തിയ കാര്യം അദ്ദേഹംതന്നെ തെരഞ്ഞെടുപ്പുസമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചുള്ള സ്ഥാനം കോൺഗ്രസ് ഒരിക്കലും നൽകിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പി ടി കെപിസിസി പ്രസിഡന്റായേക്കുമെന്ന വാർത്ത വന്നിരുന്നു. അതിനെതിരെ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം നാം കണ്ടതാണ്. ഒടുവിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയ പേര് വെട്ടിയാണ് ഹൈക്കമാൻഡ് വർക്കിങ് പ്രസിഡന്റാക്കിയത്. നിയമസഭയിലും പാർലമെന്റിലും ഏതുകാര്യവും വിശദമായി പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു പി ടിയുടെ ശൈലി. പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകണമെന്നു കരുതിയ പി ടി വ്യക്തിജീവിതത്തിലും പുരോഗമന ചിന്ത പുലർത്തി. കത്തോലിക്കാ കുടുംബാംഗമായ അദ്ദേഹം നിരീശ്വരവാദിയായിരുന്നു. തന്റെ ആദർശങ്ങൾ കുടുംബജീവിതത്തിലും പാലിച്ചിരുന്നു.