തൃശൂർ
ഇരുപ്പുരോഗികൾക്ക് എണീറ്റുനിൽക്കാൻ സംവിധാനമൊരുക്കി ഇരിങ്ങാലക്കുട നിപ്മർ. കാലുകളിൽ തളർച്ചയും മറ്റ് അസുഖങ്ങളുമായി കാലങ്ങളായി ചക്രക്കസേരയിൽ ഒതുങ്ങിക്കൂടുന്നവരെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന പ്രത്യേകതരം വീൽ ചെയറിൽ പരിശീലനം നൽകുകയാണ് ഇവിടുത്തെ ഫിസിയോതെറാപ്പി വിഭാഗം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ, ടിടികെ സെന്റർ ഫോർ റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് ഡെവലപ്മെന്റ്, ഐഐടി മദ്രാസ് എന്നിവ സംയുക്തമായാണ് പരിശീലനം നൽകിയത്. മദ്രാസ് ഐഐടി ആർ2 ഡി2 ക്ലിനിക്കൽ ടീം തലവൻ സാംസൺ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ജിതിൻ, ഐഐടി മദ്രാസ് പ്രോഗ്രാം ഹെഡ് ജസ്റ്റിൻ എന്നിവരായിരുന്നു പരിശീലകർ.
ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ, ഒക്യുപ്പേഷണൽ തെറാപ്പി കോളേജ് പ്രിൻസിപ്പൽ ദീപ സുന്ദരേശ്വരൻ, ഫിസിയോതെറാപ്പി മേധാവി കെ കെ കപിൽ, നിപ്മറിലെ ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പി വിദ്യാർഥികൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
പരിശീലനം നേടിയവർ വരും ദിവസങ്ങളിൽ നൂറുകണക്കിനുപേർക്ക് ആധുനിക ചികിത്സാ ഉപകരണ നിർമാണത്തെക്കുറിച്ച് പരിശീലനം നൽകും.