കോഴഞ്ചേരി
മണ്ഡലവിളക്കിന് ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്രയ്ക്ക് തുടക്കമായി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് ചൊവ്വ രാവിലെ ഏഴിന് രഥഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും ചടങ്ങില്‍ പങ്കെടുത്തു. പുലർച്ചെ അഞ്ചിന് ശ്രീകോവിലിൽ തുറന്ന തങ്കഅങ്കി കാണാൻ നിരവധി തീര്‍ഥാടകരെത്തി. സായുധ പൊലീസ് സംരക്ഷണയിലാണ് രഥഘോഷയാത്ര സഞ്ചരിക്കുന്നത്. പാതയോരങ്ങളിൽ ഘോഷയാത്രയെ സ്വീകരിച്ചു.
സ്വന്തം ജീപ്പ് രൂപമാറ്റം വരുത്തി രഥമാക്കി സാരഥിയായി പോയിരുന്ന കോഴഞ്ചേരി ഈസ്റ്റ് കൊല്ലീരേത്ത് തങ്കപ്പനാചാരിയുടെ മക്കൾ ബിജുവും അനുവുമാണ് ഇക്കുറിയും രഥം തയ്യാറാക്കി ഓടിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ നേർരൂപത്തിലാണ് രഥം രൂപകല്‍പ്പന ചെയ്തത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ നടയ്ക്കുവച്ച തങ്കഅങ്കി അണിയിച്ചാണ് സന്നിധാനത്ത് മണ്ഡലവിളക്ക് ചടങ്ങ് നടക്കുക. മണ്ഡലവിളക്ക് കഴിയുന്നതോടെ തിരിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സ്ട്രോങ് റൂമിലേക്ക് ആഭരണങ്ങള്‍ മാറ്റും.
ബുധൻ രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും വ്യാഴം രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24ന് പെരുനാട് ശാസ്താക്ഷേത്രത്തിലും രഥഘോഷയാത്ര വിശ്രമിക്കും. 25ന് പകൽ 1.30ന് പമ്പാ ഗണപതി ക്ഷേത്രത്തിലെത്തും. തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ വരവേൽക്കും. വൈകിട്ട് തങ്കഅങ്കി അണിയിച്ചാണ് ദീപാരാധന നടത്തുക. ഘോഷയാത്ര പുറപ്പെടൽ ചടങ്ങിൽ കലക്ടർ ദിവ്യ എസ് അയ്യർ, മുൻ പ്രസിഡന്റ് എ പത്മകുമാർ എന്നിവർ പങ്കെടുത്തു.