കൊച്ചി
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ കമ്പനിയുടെ മുൻ ലീഗൽ അഡ്വൈസർ പ്രകാശ് ജോസഫിനെതിരെ വിചാരണ തുടരാമെന്ന് ഹൈക്കോടതി. തൃശൂർ വിജിലൻസ് കോടതിയിലെ കുറ്റപത്രം റദ്ദാക്കണമെന്ന പ്രകാശ് ജോസഫിന്റെ ഹർജി കോടതിഭാഗികമായി അനുവദിച്ചു. തിരിമറി നടന്നിട്ടുണ്ടെന്ന കുറ്റം ജസ്റ്റിസ് നാരായണ പിഷാരടി റദ്ദാക്കി. അഴിമതി നിരോധനപ്രകാരം കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ ആരോപണം വിചാരണക്കോടതി പരിശോധിക്കട്ടെയെന്നും വിടുതൽ ഹർജി നൽകാമെന്നും കോടതി നിർദേശിച്ചു.
മലബാർ സിമന്റ്സ് ഫ്ലൈ ആഷ് വിതരണത്തിന് എആർകെ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ, കരാർ റദ്ദാക്കിയാൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ ഉണ്ടായിരുന്നു. കരാർലംഘനത്തിന് നിയമനടപടി സ്വീകരിക്കാതെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി എആർകെ കമ്പനിക്ക് വിട്ടുകൊടുത്തെന്നാണ് പ്രകാശ് ജോസഫിനെതിരായ കേസ്. കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.