കോട്ടയം
കെപിഎംഎസ് 50-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് ” മാനവികതയുടെ മതേതര പരിസരം ‘ എന്ന വിഷയത്തിൽ നടന്ന സെമിനാർ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ സംഘടനകളുടെയും ഒന്നിച്ചുള്ള വേദിയൊരുക്കാൻ കെപിഎംഎസ് തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. മാനവികതയെക്കുറിച്ച് പറയാൻ യോഗ്യരായവർ തന്നെയാണ് കെപിഎംഎസുകാർ. അവരുടെ തലമുറ അനുഭവിച്ച ദുരിതം എണ്ണിയാൽ ഒടുങ്ങില്ല. നവോത്ഥാന പ്രക്ഷോഭങ്ങളാണ് ഇന്ന് കാണുന്ന എല്ലാ മാറ്റങ്ങൾക്കും തുടക്കം. എല്ലാവരും സമന്മാരായി കാണണമെന്ന് പറഞ്ഞ നാട്ടിൽ വർഗീയതയുടെ വിഷവിത്തുകൾ പാകി കൊലക്കളമാക്കുകയാണ് ചിലർ. ആദ്യം നമ്മൾ തുടച്ചുനീക്കേണ്ടത് വർഗീയതയും ഭീകരവാദവും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
24 ന്യൂസ് എക്സി. എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ മോഡറേറ്ററായി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്താ, പ്രൊഫ. അഷറഫ് കടയ്ക്കൽ, കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. അനിൽ അമര, അസി. സെക്രട്ടറി സാബു കാരിശ്ശേരി എന്നിവർ സംസാരിച്ചു.
വ്യാഴം പകൽ 10.30ന് കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനാകും.