തിരുവനന്തപുരം
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) വായ്പ ആസ്തി അഞ്ചു വർഷംകൊണ്ട് 10000 കോടി രൂപയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎഫ്സി വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബർ അഞ്ചിനു പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഇതിനോടകം 133 വായ്പകൾ അനുവദിച്ചു. ചെറുകിട സംരംഭകർക്ക് കുറഞ്ഞ പലിശയിലും ലളിതമായ വ്യവസ്ഥകളിലും വായ്പ ലഭ്യമാക്കുന്ന എംഎസ്എംഇ സൂപ്പർമാർക്കറ്റായി കെഎഫ്സിയെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കെഎഫ്സിയുടെ പ്രവർത്തനം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെഎഫ്സിയുടെ സ്റ്റാർട്ടപ് പദ്ധതിയിൽ തുക അനുവദിച്ച വിവിധ സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും നടന്നു. സംരംഭക വികസന പദ്ധതിയിലെയും സ്റ്റാർട്ടപ് കേരള പദ്ധതിയിലെയും ആദ്യ 75 വായ്പാ അനുമതി പത്രങ്ങളും വിതരണം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ എന്നിവർ സംസാരിച്ചു.
2500 സംരംഭങ്ങൾക്ക് *ഒരു കോടിവരെ വായ്പ
യുവസംരംഭകർക്കായി കേരള സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. പദ്ധതിയിലൂടെ 2500 സംരംഭങ്ങൾക്ക് സബ്സിഡിയോടെ വായ്പാസഹായം നൽകും. 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1700 സംരംഭങ്ങളാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തി. പലിശ ഏഴു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുകയും ചെയ്തു. പദ്ധതിത്തുകയുടെ 90 ശതമാനം വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകൾ വളരെ ഉദാരമാണ്. സംരംഭകർക്കുള്ള പരിശീലനവും കെഎഫ്സി നൽകും.