തലശേരി
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 82–ാം വാർഷികം ശനിയാഴ്ച നടക്കും. പി കൃഷ്ണപിള്ള, ഇ എം എസ്, എൻ സി ശേഖർ, കെ ദാമോദരൻ എന്നിവർ ഒത്തുചേർന്ന് കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ ഘടകം 1937ൽ കോഴിക്കോട്ടാണ് രൂപീകരിച്ചത്. രണ്ടു വർഷം പരസ്യപ്രവർത്തനം നടത്താനായില്ല. 1939 ഡിസംബർ അവസാനം പാറപ്രത്ത് 40 പേർ രഹസ്യമായി സമ്മേളിച്ചാണ് പരസ്യപ്രവർത്തനത്തിന് തീരുമാനിച്ചത്.
വാർഷികാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് പിണറായി ആർസി അമല സ്കൂൾ കേന്ദ്രീകരിച്ച് പ്രകടനമുണ്ടാകും. പൊതുസമ്മേളനം പാറപ്രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ തുടങ്ങിയവർ സംസാരിക്കും. സെമിനാറും പാർടി ക്ലാസുകളും സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ കെ രാജീവൻ, കെ കെ രാഘവൻ, അഡ്വ. വി പ്രദീപൻ എന്നിവർ അറിയിച്ചു.