മൂന്നാർ
തെക്കിന്റെ കശ്മീരായ മൂന്നാറിൽ അതിശൈത്യമായതോടെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. താപനില കുറഞ്ഞ് അഞ്ച് ഡിഗ്രി സെൽഷ്യസിലെത്തി. ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ മൂന്നാറിലെ കോട്ടേജുകളും റിസോർട്ടുകളും മുൻകൂർ ബുക്ക് ചെയ്തിരിക്കുകയാണ്. പകൽവെയിലിന് ചൂട് കൂടുന്നതനുസരിച്ച് സന്ധ്യയാകുന്നതോടെ തണുപ്പും കൂടുന്നു. മൂന്നാർ–- ഉദുമൽപേട്ട റോഡിൽ പുലർച്ചെ പെരിയവരൈ, കന്നിമല എസ്റ്റേറ്റ് ഭാഗത്ത് പുൽമൈതാനിയിൽ വെള്ളവിരിച്ച നിലയിൽ മഞ്ഞ് വീണുകിടക്കുന്നത് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും താഴും.
കോവിഡ് വ്യാപനത്തിൽ കുറവുവന്നതോടെ വിദേശത്തുനിന്നും സന്ദർശകർ എത്തിത്തുടങ്ങി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.