തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വഴി 11.47 ലക്ഷം കുടുംബത്തിന് ചികിത്സാ പരിരക്ഷ. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഇവരുടെ ആശ്രിതർ എന്നിവരാണ് പദ്ധതിയുടെ ഭാഗമാകുക. കുടുംബത്തിൽ ശരാശരി നാല് പേർവീതം 45 ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പ്രതിവർഷം 6000 രൂപയാണ് പ്രീമിയം. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസമില്ല. മന്ത്രിസഭ അംഗീകാരം നൽകിയതോടെ ജനുവരി ഒന്നുമുതൽ പദ്ധതി ആരംഭിക്കും.
മെഡിക്കൽ/സർജിക്കൽ ചികിത്സാനിരക്ക് പരിഷ്കരിക്കുന്നതിന് ആരോഗ്യരംഗത്തെ വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആശുപത്രികളിലും സേവനം ലഭ്യമാക്കും. പ്രതിവർഷ പ്രീമിയം തുക മുൻകൂറായി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് കൈമാറും. ഗുണഭോക്താക്കളിൽനിന്ന് മാസം 500 രൂപ വീതമായി ഇത് ഈടാക്കും.
പെൻഷൻകാരും കുടുംബ പെൻഷൻകാരും ചികിത്സാ അലവൻസായ 500 രൂപ പ്രീമിയത്തിനായി മാറ്റിവച്ചാൽമതി. അവയവമാറ്റ ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനി 35 കോടി രൂപയിൽ കുറയാത്ത കോർപസ് ഫണ്ട് രൂപീകരിക്കും. ഇതിനായി പ്രീമിയം തുകയിൽ ഒരു വിഹിതം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൂന്ന് പൊതുമേഖലാ കമ്പനി ഉൾപ്പെടെ നാല് ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി ഏറ്റെടുക്കാൻ വന്നത്. ഇതിൽ കുറഞ്ഞ വാർഷിക പ്രീമിയമായ 4800 രൂപ രേഖപ്പെടുത്തിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കരാർ ലഭിച്ചു. ജിഎസ്ടി ചേരുമ്പോൾ വിഹിതം 5664 – രൂപയാകും. ബാക്കി കോർപസ് ഫണ്ടിന്റെ ഭാഗമാണ്.