ആലപ്പുഴ
ആലപ്പുഴയിലെ ഷാൻ, രഞ്ജിത് കൊലക്കേസുകളിൽ പിടിയിലായവർ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്ന് എഡിജിപി വിജയ് സാഖറെ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരല്ല. ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികൾ എസ്ഡിപിഐ പ്രവർത്തകരാണ്.
രണ്ട് കൊലപാതകങ്ങളിലും ഉന്നത ഗൂഢാലോചനയുണ്ട്. സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവർത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന ആരോപണം തെളിയിച്ചാൽ രാജിവയ്ക്കാമെന്നും വിജയ് സാഖറെ പറഞ്ഞു.
രഞ്ജിത്ത് വധം : അറസ്റ്റിലായവർക്ക് ഗൂഢാലോചനയിൽ പങ്ക്
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ അഞ്ച് എസ്ഡിപിഐക്കാർക്കും ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. മുഖ്യപ്രതികൾക്ക് വാഹനമെത്തിച്ച് കൊടുത്തതും ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയതും ഇവരാണ്.
ചൊവ്വാഴ്ച രാത്രി പിടിയിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളായ മാച്ചനാട് കോളനിയിൽ അലി അഹമ്മദ് (18), നിഷാദ് ഷംസുദ്ദീൻ (36), പരപ്പിൽ ആസിഫ് സുധീർ (അച്ചു–-19), തുരുത്തിയിൽ ഗാർഡൻസിൽ അർഷാദ് നവാസ് (22), അടിവാരം സെബിൽ മൻസിലിൽ സുധീർ (34) എന്നിവരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഗൂഢാലോചനയിൽ കൂടുതൽ പ്രതികളുണ്ടെന്ന് പ്രത്യേക അന്വേഷകസംഘം പറഞ്ഞു. മറ്റ് പ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു.
കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. ഡിസിആർബി ഡിവൈഎസ്പി കെ എൽ സജിമോൻ, ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൂടുതൽ സിസിടിവി
ദൃശ്യങ്ങൾ പരിശോധിക്കുന്നു
ഷാൻ വധക്കേസിന്റെ അന്വേഷണം പൊലീസ് ഊർജിതമാക്കി. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ആർഎസ്എസ് പ്രവർത്തകരായ മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് കാവച്ചിറ രാജേന്ദ്രപ്രസാദ് (പ്രസാദ്–-39), കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ രതീഷ് (കുട്ടൻ–-31) എന്നിവർ അറസ്റ്റിലായിരുന്നു. കൊലപാതകശേഷം തങ്ങിയ ആർഎസ്എസ് കാര്യാലയത്തിൽ തെളിവെടുപ്പിന് തീരുമാനിച്ചെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാകാത്തതിനാൽ മാറ്റി. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.