കൊച്ചി
ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് സാക്ഷ്യംവഹിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലും അദ്ദേഹം സന്ദർശിച്ചു. ബുധൻ പകൽ 11ന് പോർട്ട് ട്രസ്റ്റിന്റെ അംബാ ജെട്ടിയിലെത്തിയാണ് നാവികസേനയുടെ അഭ്യാസപ്രകടനം രാഷ്ട്രപതി കണ്ടത്. യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, പായ്ക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്തു.
വിക്രാന്ത് യാഥാർഥ്യമാക്കിയ നാവികസേനയുടെയും കൊച്ചി കപ്പൽശാലയുടെയും പരിശ്രമങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി പി രാജീവ്, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം എ ഹംപി ഹോളി, കലക്ടർ ജാഫർ മാലിക്, സിറ്റി പൊലീസ് കമീഷണർ സി നാഗരാജു, പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. എം ബീന തുടങ്ങിയവരും സന്നിഹിതരായി.