ന്യൂഡൽഹി
അയോധ്യയിൽ രാമക്ഷേത്ര നിർമാണസ്ഥലത്തിനു സമീപമുള്ള ദളിതരുടെ ഭൂമി ബിജെപി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തു. രാമക്ഷേത്രനിർമാണത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശിയതിനു പിന്നാലെയാണ് ക്ഷേത്രനിർമാണസ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ ബർഹട്ടാ മാഞ്ജ ഗ്രാമത്തിൽ നേതാക്കളും ഉദ്യോഗസ്ഥരും ബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടി.
അയോധ്യയിലെ ബിജെപി എംഎൽഎ വേദ്പ്രകാശ് ഗുപ്ത, ഗോസായ്ഗഞ്ജിലെ ബിജെപി മുൻ എംഎൽഎ പ്രതാപ് തിവാരി, അയോധ്യ മുൻ ചീഫ് റെവന്യൂ ഓഫീസർ പുരുഷോത്തംദാസ് ഗുപ്ത, യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഉമാധർ ദ്വിവേദി, അലിഗഢ് ഡിഐജി ദീപക്കുമാർ, അയോധ്യ മേയർ ഹരിഷ്കുമാർ, അയോധ്യ മുൻ സബ്ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് ചൗധ്രി, വിവരാവകാശ കമീഷണർ ഹർഷ്വർധൻ ഷാഹി തുടങ്ങിയവർ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഇവിടെ ഭൂമി വാങ്ങിയെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ് റവന്യൂകോഡ്, ജമീന്ദാരി നിരോധന ചട്ടങ്ങൾ പ്രകാരം ദളിതരുടെ കൃഷിഭൂമി ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതി ഇല്ലാതെ ദളിതരല്ലാത്തവർ വാങ്ങരുത്. മഹർഷി രാമായൺ വിദ്യാപീഠ് (എംആർവിടി) ട്രസ്റ്റാണ് 1990കളിൽ ബർഹട്ടാ മാഞ്ജ ഗ്രാമത്തിൽ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയത്.
1990കളിൽ ബർഹട്ടാ മാഞ്ജ ഗ്രാമത്തിലെ 15 ഏക്കറിലേറെ ഭൂമി ദളിതനായ റോങ്ഹായ് എന്നയാളുടെ പേരിൽ ട്രസ്റ്റ് വാങ്ങി. 1996ൽ റോങ്ഹായ് ഭൂമി 6.38 ലക്ഷം രൂപയ്ക്ക് ട്രസ്റ്റിന് “ദാനം’ നല്കി എന്നാണ് രേഖ. സുപ്രീംകോടതി വിധിക്ക് പിന്നാലെ ട്രസ്റ്റ് ബിജെപി നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മറ്റും ഈ ഭൂമി മറിച്ചുവിറ്റു. ട്രസ്റ്റ് തട്ടിയെടുത്ത കോടികൾ വിലവരുന്ന ഭൂമി മറിച്ചുവിറ്റതറിഞ്ഞ ദളിത് കുടുംബങ്ങൾ പരാതിയുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. ഈ പരാതി പരിശോധിച്ച ഉദ്യോഗസ്ഥര് അടക്കമുള്ളവരാണ് ഭൂമി സ്വന്തമാക്കിയത്.