ന്യൂഡൽഹി
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കിയതിനുപിന്നാലെ ലോക്സഭാ–- നിയമസഭാ–- തദ്ദേശ തെരഞ്ഞെടുപ്പുകൾക്കായി ഒരൊറ്റ വോട്ടർപട്ടികയെന്ന അജൻഡയിലേക്ക് നീങ്ങി മോദി സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനത്തും നിയമസഭാ–- തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ് നീക്കം. ചൊവ്വാഴ്ച പാർലമെന്റിന്റെ നിയമ–- നീതികാര്യ സ്ഥിരം സമിതിയില് ഒറ്റ വോട്ടർപട്ടിക ചർച്ചയായി.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയെന്ന ആശയം മോദി മുമ്പും മുന്നോട്ടുവച്ചിട്ടുണ്ട്.പല സംസ്ഥാനത്തും വ്യത്യസ്ത വോട്ടർപട്ടികയുള്ളത് ഇതിന് തടസ്സമായി. തെരഞ്ഞെടുപ്പ് പരിഷ്കാരം നിർദേശിച്ച ബില്ലിൽ ഏകീകൃത വോട്ടർ പട്ടികയ്ക്കായുള്ള ഭേദഗതി നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ നാല് അവസരം ഒരുക്കുന്നതാണിത്. ചുരുക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക വർഷത്തിൽ നാലുതവണ പുതുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ട സംസ്ഥാനങ്ങൾക്ക് ഇതിൽ ഏറ്റവും പുതിയ വോട്ടർപട്ടിക ഉപയോഗിക്കാം. പൊതു വോട്ടർപട്ടികയെന്ന നിർദേശത്തോട് യോജിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളോട് ആവശ്യപ്പെട്ടെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെയും നിയമവകുപ്പിന്റെയും പ്രതിനിധികൾ അറിയിച്ചു. ഈ വിഷയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി കാര്യാലയം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറോടും കമീഷൻ അംഗങ്ങളോടും യോഗത്തിൽ ഹാജരാകാൻ നിർദേശിച്ചത് വിവാദമായി. കമീഷണറും കമീഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുമായി അനൗദ്യോഗിക ചർച്ച നടത്തി.