തിരുവനന്തപുരം > ചെല്ലാനം കടൽത്തീരത്ത് കടൽഭിത്തി നിർമിക്കാനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്. ഉൗരാളുങ്കലിന്റെ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 3 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ ഘട്ടത്തിൽ ടെട്രാപോഡ് നിരത്തി ഭിത്തി നിർമിക്കുക. 256 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. കാലവർഷത്തിനു മുമ്പായി കല്ലുകൾ വിരിക്കുന്നതടക്കമുള്ള പ്രാഥമിക പ്രവൃത്തികളെങ്കിലും പൂർത്തിയാക്കാനാണ് നിർദേശം. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നും ഊരാളുങ്കൽസൊസൈറ്റിക്ക് നിർദേശം നൽകി. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആകെ 21 കിലോമീറ്റർ ദൂരമാണ് ചെല്ലാനം കടൽത്തീരത്തിന് ഉള്ളത്. 13,000ന് മുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ചെല്ലാനം. ആയിരത്തിലധികം വീടുകളാണ് കടൽത്തീരത്തോട് ചേർന്നുള്ളത്. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീരസംരക്ഷണ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ചെല്ലാനം തീരത്ത് ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതൽ മുടക്കിൽ ടെട്രാപോഡുകൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.