കൊച്ചി > ചുരുളി സിനിമയുടെ തിയറ്റർ പ്രദർശന സർട്ടിഫിക്കേഷന് സമർപ്പിച്ച പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയിൽനിന്നടക്കം നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, നടൻമാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. സിനിമ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് ഹനിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ക്രിസ്മസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.