കോഴിക്കോട് > വഖഫ് വിഷയത്തിൽ മുസ്ലിംലീഗിന്റെ ഇടപെടലും റാലിയും സാമുദായിക ഭൂമികയിലേക്കുള്ള ചുവടുമാറ്റമാണെന്ന് ജമാഅത്തെ ഇസ്ലാമി. മതമാണ് പ്രശ്നമെന്നതടക്കം റാലിയിൽ ലീഗ് നേതാക്കൾ നടത്തിയ വർഗീയവിഷം പുരണ്ട പ്രസംഗങ്ങളിലുള്ള ആവേശവും ജമാഅത്തെ പങ്കിടുന്നു. പിന്തുണയ്ക്കേണ്ട നിലപാടുമാറ്റമാണ് ലീഗിന്റേതെന്ന് മുഖപ്രസിദ്ധീകരണം പ്രബോധനത്തിലൂടെ ജമാഅത്തെ ഇസ്മാമി വ്യക്തമാക്കി. പള്ളിസമരത്തിൽനിന്ന് പിന്മാറിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കണ്ണുതുറപ്പിക്കുന്നതാണ് ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയെന്നാണ് വിലയിരുത്തിയത്. ലീഗിന്റെ തീവ്രനിലപാടുമാറ്റത്തിനുപിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന വിശകലനം ശരിവയ്ക്കുന്നതാണ് വെളിപ്പെടുത്തൽ.
ചുവടുമാറ്റം ആവേശഭരിതമെന്ന്
‘‘വഖഫ് സംരക്ഷണത്തിന്റെ ബാനറിൽ ആസൂത്രണത്തോടെ നടത്തപ്പെട്ട ജനകീയസംഗമം ഒരേസമയം പിണറായി സർക്കാരിന്റെയും സിപിഐ എമ്മിന്റെയും പരോക്ഷമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിന്റെയും കണ്ണുതുറപ്പിക്കാൻ തന്നെയായിരുന്നു. സമ്മേളനത്തിലെ പ്രസംഗങ്ങൾ സാമുദായിക പ്രശ്നങ്ങൾ സജീവമായി കൈയാളാൻ ലീഗ് രംഗത്തിറങ്ങുമെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു’’. ‘സാമുദായിക ഭൂമികയിലേക്ക് മുസ്ലിംലീഗിന്റെ ചുവടുമാറ്റം’ എന്ന ശീർഷകത്തിൽ ‘പ്രബോധനം’ പറയുന്നു. ജമാഅത്തെ നയവിശാരദൻ കൂടിയായ മാധ്യമം–-മീഡിയാവൺ ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാനാണ് ലേഖകൻ. ലീഗിന്റെ ദിശാമാറ്റത്തെ സിപിഐ എം വർഗീയതയിലേക്ക് ഗതിമാറ്റമെന്ന് മുദ്രകുത്തി വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും അബ്ദുറഹ്മാൻ ആരോപിച്ചിട്ടുണ്ട്. ലീഗ് നിലപാടിന് പിന്നിൽ ജമാഅത്തെയാണെന്ന സിപിഐ എം വിലയിരുത്തലിലെ വേവലാതിയും ലേഖനത്തിലുണ്ട്.